ജാനുവിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി

ചേര്‍ത്തല: ആദിവാസി ഗോത്ര മഹാസഭ നേതാവ് സി കെ ജാനുവിന്റെ നേതൃത്വത്തില്‍ ജനാധിപത്യ രാഷ്ട്രീയ സഭ എന്ന പേരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലെ വസതിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ജാനു ഇക്കാര്യം അറിയിച്ചത്.
രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുന്ന കാര്യത്തില്‍ തീരുമാനമായെങ്കിലും എന്‍ഡിഎയില്‍ ചേരുന്നതില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് സി കെ ജാനു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചില നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചിട്ടുണ്ട്. അതിലെ നിലപാടിന്റെ അടിസ്ഥാനത്തിലാവും തീരുമാനമെടുക്കുക. സുല്‍ത്താന്‍ ബത്തേരിയില്‍ മല്‍സരിക്കുന്ന കാര്യത്തിലും ചര്‍ച്ച നടക്കുന്നുണ്ട്. എന്നാല്‍ ഒരു പാര്‍ട്ടിയിലും ലയിക്കില്ലെന്നും പകരം ഘടക കക്ഷിയായിട്ടായിരിക്കും മല്‍സരിക്കുകയെന്നും അവര്‍ പറഞ്ഞു. ആദിവാസി, പട്ടികജാതി, വര്‍ഗ, അസംഘടിത വിഭാഗങ്ങളിലെ പത്തോളം സംഘടനകളുമായി ചേര്‍ന്നാവും പുതിയ പാര്‍ട്ടി രൂപീകരിക്കുക.
ആരുമായും ചര്‍ച്ചകള്‍ക്ക് സന്നദ്ധമാണെന്നും യുഡിഎഫും എല്‍ഡിഎഫും മുന്നോട്ടുവരാത്തതിനാലാണ് അവരുമായി ചര്‍ച്ചകള്‍ നടക്കാതെ പോയതെന്നും ജാനു പറഞ്ഞു. രാഷ്ട്രീയ കൂട്ടുകെട്ടിനു വേണ്ടിമാത്രമാണ് പാര്‍ട്ടിയെന്നും ആദിവാസി ക്ഷേമത്തിനായി തുടങ്ങിവച്ച സമരങ്ങള്‍ തുടരുമെന്നും അവര്‍ വ്യക്തമാക്കി.
സുല്‍ത്താന്‍ ബത്തേരിയില്‍ 10ന് നടക്കുന്ന കണ്‍വന്‍ഷനില്‍ പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഉണ്ടാവുമെന്നും സൂചിപ്പിച്ചു. പുതിയ നീക്കത്തിനെതിരായ ഗീതാനന്ദന്റെ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി ഒപ്പം നിര്‍ത്തുമെന്നായിരുന്നു ജാനുവിന്റെ മറുപടി.
Next Story

RELATED STORIES

Share it