kasaragod local

ജാനകി വധം: അയല്‍വാസി കസ്റ്റഡിയില്‍

ചീമേനി: പുലിയന്നൂര്‍ ഗവ. എല്‍പി സ്‌കൂളിന് സമീപത്തെ റിട്ട. അധ്യാപിക പി വി ജാനകിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും ഭര്‍ത്താവും റിട്ട. അധ്യാപകനുമായ കൃഷ്ണനെ വധിക്കാന്‍ ശ്രമിക്കുകയും വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ച്ച ചെയ്യുകയും ചെയ്ത കേസില്‍ അയല്‍വാസിയായ യുവാവിനെ ചുറ്റിപ്പറ്റി അന്വേഷണം. ഇയാളെ കഴിഞ്ഞ ദിവസം സ്റ്റേഷനില്‍ വിളിപ്പിച്ച് ചോദ്യം ചെയ്തുവരികയാണ്. അതിനിടെ നേരത്തെ കസ്റ്റഡിയിലെടുത്ത എറണാകുളം സ്വദേശിയായ ഡെന്നീസിനെ ചോദ്യം ചെയ്തു വിട്ടയച്ചു. അതിനിടെ കേസില്‍ ക്രൈംബ്രാഞ്ചും അന്വേഷണം തുടങ്ങി. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി ഡോ. എ ശ്രീനിവാസിന്റെ നേതൃത്വത്തില്‍ ചീമേനിയില്‍ ക്യാംപ് ചെയ്താണ് അന്വേഷണം നടക്കുന്നത്. കൊലപാതകം നടന്ന് ആറ് ദിവസമായിട്ടും പ്രതികളെ കണ്ടെത്താന്‍ ലോക്കല്‍ പോലിസിന് കഴിഞ്ഞിട്ടില്ല. ഇന്നലെ വൈകിട്ട് കണ്ണൂര്‍ റെയ്ഞ്ച് ഐജി മഹിപാല്‍ യാദവിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം യോഗം ചേര്‍ന്നു. മഹാരാഷ്ട്ര താന ജില്ലയിലെ സാംഗ്ലി സ്വദേശികളായ അനാര്‍ വില്‍പന സംഘമാണ് കൊലക്ക് പിന്നിലെന്ന സംശയത്തേ തുടര്‍ന്ന് കുമ്പള സിഐയുടെ നേതൃത്വത്തില്‍ ഒരു സംഘം പോലിസ് അവിടെ എത്തി പരിശോധന നടത്തിയെങ്കിലും ഇവര്‍ പ്രതികളെല്ലെന്ന് വ്യക്തമായി. പ്രദേശത്തെ സിസിടിവി കാമറയില്‍ പതിഞ്ഞ ബൊലേറോ കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ മഹാരാഷ്ട്രയിലേതായിരുന്നു. ഇതാണ് പ്രതികള്‍ മഹാരാഷ്ട്ര സ്വദേശികളാണെന്ന സംശയം ഉടലെടുത്തത്. അതേസമയം കൊല്ലപ്പെട്ട ജാനകിയുടെ ഒരു അടുത്ത ബന്ധുവിനെ പോലിസ് തിരയുന്നുണ്ട്. ഊഹാപോഹങ്ങള്‍ പല വിധത്തില്‍ പ്രചരിപ്പിച്ച് അന്വേഷണം അട്ടിമറിക്കാനും നീക്കം നടത്തുന്നുണ്ട്. ഹിന്ദി സംസാരിക്കുന്ന രണ്ടുപേരും മലയാളം സംസാരിക്കുന്ന ഒരാളുമാണ് സംഘത്തിലുണ്ടായിരുന്നതെന്ന് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന കൃഷ്ണന്‍ മാസ്റ്റര്‍ മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം ക്വട്ടേഷന്‍ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it