ജാദവ്പൂരില്‍ ചായക്കോപ്പയിലെ തിരഞ്ഞെടുപ്പ് കാറ്റ്

കൊല്‍ക്കത്ത: ജാദവ്പൂര്‍ മണ്ഡലത്തിലെ രാഷ്ട്രീയ ചൂടിനെ പറ്റി ഒന്നുമറിയില്ലെങ്കില്‍ ജുലന്‍ മുല്ലകിനെ സന്ദര്‍ശിച്ചാല്‍ മതി. ആര് ജയിക്കും തോല്‍ക്കും തുടങ്ങി മൊത്തം ചിത്രം ലഭിക്കും ഇദ്ദേഹത്തിന്റെ ചായക്കടയിലെത്തിയാല്‍. 55 കാരനായ മുല്ലികിന് തിരഞ്ഞെടുപ്പ് രാഷ്ട്രീയം അനുഭവസമ്പത്താണ്. ബിജോയ്ഗഡ് ബസാറില്‍ ബിഡി സ്മാരക സ്ഥാപനത്തിന് എതിര്‍വശമുള്ള ഇദ്ദേഹത്തിന്റെ 48 വര്‍ഷം പഴക്കമുള്ള കടയിലെ ചര്‍ച്ചകള്‍ക്ക് വേനലിനെ വെല്ലും ചൂടാണ്.
തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ചിത്രങ്ങളും കൊടികളും അലങ്കരിച്ച കടയാണെങ്കിലും തനിക്ക് പ്രത്യേക പക്ഷമില്ലെന്ന് മുല്ലക് ആവര്‍ത്തിക്കും. ബിജോയ്ഗഡിലെ ഹരിഗോപാല്‍ സ്ട്രീറ്റില്‍നിന്നു പ്രചാരണം തുടങ്ങിയ സിപിഎം സ്ഥാനാര്‍ഥി സുജന്‍ ചക്രവര്‍ത്തിയും സംഘവും കടയില്‍ കയറി വോട്ട് ചോദിച്ചെങ്കിലും പക്ഷേ, ചായ കുടിക്കാന്‍ തയ്യാറായില്ല.
മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ 25 കൊല്ലം നിയമസഭയില്‍ പ്രതിനിധീകരിച്ചത് ജാദവ്പൂര്‍ മണ്ഡലത്തെയാണ്. 2011ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ മനിഷ് ഗുപ്തയോട് 15000ത്തിലധികം വോട്ടിന് ബുദ്ധദേവ് ഭട്ടാചാര്യ പരാജയപ്പെട്ടിടത്ത് സുജന്‍ വെന്നിക്കൊടി പാറിക്കുമെന്നാണ് പാര്‍ട്ടിവൃത്തങ്ങളുടെ അവകാശവാദം. സുജന് നേരിയ സാധ്യതയുണ്ടെന്നാണ് മുല്ലികിന്റെ കടയിലെ വിലയിരുത്തല്‍. പക്ഷേ, സംഘടനാതലത്തില്‍ ഇദ്ദേഹത്തിന് പിന്തുണ കുറവാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. 2004-09 കാലയളവില്‍ ജാദവ്പൂരിലെ എംപിയായിരുന്നു സുജന്‍. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ സിപിഎമ്മിന് 308 വോട്ടിന്റെ ഭൂരിപക്ഷമാണുള്ളത്. മമതാബാനര്‍ജിയുടെ ആക്ഷേപഹാസ്യ കാര്‍ട്ടൂണ്‍ ഇന്റര്‍നെറ്റില്‍ പ്രചരിപിച്ചതിന് അറസ്റ്റിലായ ജാദവ്പൂര്‍ സര്‍വകലാശാല പ്രഫസര്‍ അംബികേഷ് മഹാപത്ര സ്വതന്ത്ര സ്ഥാനാര്‍ഥിയായി മണ്ഡലത്തില്‍ മല്‍സരിക്കുന്നത് തൃണമൂലിന് തിരിച്ചടിയാണ്.
Next Story

RELATED STORIES

Share it