kozhikode local

ജാഥ നയിക്കുന്നതുകൊണ്ട് പിണറായി മുഖ്യമന്ത്രിയാവുമെന്നര്‍ഥമില്ല: പന്ന്യന്‍

കോഴിക്കോട്: മുഖ്യമന്ത്രി സ്ഥാനം മോഹിച്ച് ജാഥ നയിക്കുന്ന സി പി എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനും വല്യേട്ടന്‍ സ്വഭാവം പ്രകടിപ്പിക്കുന്ന സി പി എമ്മിനുമെതിരെ തുറന്നടിച്ച് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. ഇടതുമുന്നണിയില്‍ സീറ്റ് തീരുമാനിക്കുന്നത് സിപിഎം മാത്രമല്ലെന്നും പിണറായി വിജയന്‍ ജാഥ നയിക്കുന്നത് കൊണ്ട് മുഖ്യമന്ത്രിയാകുമെന്നര്‍ഥമില്ലെന്നും പന്ന്യന്‍ ഒരു സ്വകാര്യചാനലിനോട് അഭിപ്രായപ്പെട്ടു. 'സീറ്റ് നല്‍കാന്‍ ഒരു വല്യേട്ടനും വാങ്ങാന്‍ കുറെ അനിയന്മാരും എന്നൊന്നില്ല' എന്ന പന്ന്യന്‍ രവീന്ദ്രന്റെ അഭിപ്രായപ്രകടനം സീറ്റ് വിഭജനത്തില്‍ സിപിഎമ്മിന്റെ അപ്രമാദിത്തം ഇത്തവണ സിപിഐ അംഗീകരിക്കില്ലെന്നതിന്റെ സൂചനയാണ്. '
മുഖ്യമന്ത്രി സ്ഥാനാര്‍ഥി' സംബന്ധിച്ച സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയ്ക്ക് പിന്നാലെ നിലപാട് കുറച്ചുകൂടി കടുപ്പിച്ചാണ് പന്ന്യന്‍ രവീന്ദ്രന്‍ പ്രതികരിച്ചത്. ജാഥ നയിക്കാന്‍ മാത്രമാണ് സിപിഎം പിണറായിയെ ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് അഭിപ്രായപ്പെട്ട പന്ന്യന്‍ ഇടതുമുന്നണിയില്‍ സീറ്റ് തീരുമാനിക്കുന്നത് സിപിഎം മാത്രമല്ലെന്ന് തുറന്നടിച്ചു.
കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥികളെ നിര്‍ണയിച്ച് പലയിടങ്ങളിലും സി പിഐയ്ക്ക് സീറ്റ് നിഷേധിച്ച സിപിഎം നടപടി, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കപ്പെടുമെന്ന തിരിച്ചറിവിനെത്തുടര്‍ന്നാണ് പന്ന്യന്‍ പാര്‍ട്ടിനിലപാട് മുന്‍കൂട്ടി തന്നെ അറിയിച്ചിരിക്കുന്നത്.
അതേസമയം 'മുഖ്യമന്ത്രി സ്ഥാനാര്‍ഥി' വിവാദത്തില്‍ പിണറായിക്കെതിരായ പന്ന്യന്റെ നിലപാടിനെ ന്യായീകരിക്കുന്ന മട്ടിലാണ് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ പ്രതികരിച്ചതെന്നത് ശ്രദ്ധേയമാണ്. പന്ന്യന്റേത് സിപിഐയുടെ നിലപാടായി കണ്ടാല്‍ മതിയെന്ന് അഭിപ്രായപ്പെട്ട വിഎസ്, ജാഥ നയിക്കുന്നയാള്‍ മുഖ്യമന്ത്രിയാവണമെന്നില്ലെന്ന് സിപിഐ നേതാക്കള്‍ മുമ്പെ പറഞ്ഞിരുന്നുവെന്നും വ്യക്തമാക്കി.
Next Story

RELATED STORIES

Share it