Flash News

ജാതീയമായ ഉച്ചനീചത്വം ; ബുദ്ധമതത്തിലേക്ക് ദലിതരുടെ ഒഴുക്കെന്നു പഠനം

ജാതീയമായ ഉച്ചനീചത്വം  ; ബുദ്ധമതത്തിലേക്ക് ദലിതരുടെ ഒഴുക്കെന്നു പഠനം
X
buddhism,

[related]

ന്യൂഡല്‍ഹി: ദലിതുകള്‍ ബുദ്ധമതം സ്വീകരിക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നതായി സര്‍ക്കാര്‍ കണക്കുകള്‍. ദലിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ കുടുംബത്തിന്റെ ബുദ്ധമതത്തിലേക്കുള്ള പരിവര്‍ത്തനമാണ് രാജ്യത്തിന്റെ ദലിത് മുന്നേറ്റത്തിന് പുതിയ ദിശാബോധം നല്‍കിയത്. രാജ്യത്ത് പട്ടിക വിഭാഗങ്ങള്‍ക്കിടയില്‍ ഏറ്റവും വേഗത്തില്‍ വളരുന്നത് ബുദ്ധമതമാണെന്ന് കഴിഞ്ഞ മാസം കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

2001ല്‍ 41.59 ലക്ഷമായിരുന്ന പട്ടികജാതിക്കാരായ ബുദ്ധമതാനുയായികളുടെ എണ്ണം 2011ല്‍ 57.56 ലക്ഷമായി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 38 ശതമാനം വളര്‍ച്ചയാണ് ഇക്കാലയളവില്‍ ബുദ്ധമതത്തിനുണ്ടായത്. ഇക്കാലയളവില്‍ രാജ്യത്തെ ആകെ ദലിത് ജനസംഖ്യ 16.6 കോടിയില്‍നിന്ന് 21.3 ശതമാനം വര്‍ധിച്ച് 20.14 കോടിയായെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം, ദലിത് ജനസംഖ്യയിലെ ബുദ്ധമത അനുയായികള്‍ കേവലം 2.83 ശതമാനം മാത്രമാണ്.

എന്നാല്‍, പട്ടികജാതി വിഭാഗത്തില്‍ ഹിന്ദുമതം പിന്തുടരുന്നവരുടെ വളര്‍ച്ച താരതമ്യേന മന്ദഗതിയിലാണ്. 2001ല്‍ പട്ടികജാതിക്കാരായ ഹിന്ദുക്കള്‍ 15.8 കോടിയായിരുന്നെങ്കില്‍ 2011ല്‍ എത്തിയപ്പോള്‍ ഇത് 18.9 കോടിയായിട്ടുണ്ട്. 19.6 ശതമാനമാണ് വളര്‍ച്ച. ദലിതുകളായ സിഖുകാരുടെ എണ്ണം 2011ല്‍ 46.85 ലക്ഷം ആയിരുന്നുവെങ്കില്‍ 2011ല്‍ 59.52 ലക്ഷമായി ഉയര്‍ന്നു. 27 ശതമാനമാണ് ഇക്കാലയളവിലെ സിഖ് ദലിതരുടെ വളര്‍ച്ച ശതമാനം. 90 ശതമാനത്തിലധികവും ദലിത് ബുദ്ധിസ്റ്റുകള്‍ മഹാരാഷ്ട്രയിലാണ് അധിവസിക്കുന്നത്. 52.45 ലക്ഷമാണ് ഇവിടെയുള്ള ദലിത് ബുദ്ധമതാനുയായികള്‍. ഇവിടെ 2011ല്‍ 32.51 ലക്ഷം മാത്രമായിരുന്ന ദലിത് ബുദ്ധിസ്റ്റുകളില്‍ 60ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്.  അംബേദ്കറുടെ ബുദ്ധമത പരിവര്‍ത്തനത്തോടനുബന്ധിച്ചാണ് മഹാരാഷ്ട്രയില്‍ വന്‍തോതില്‍ ദലിതര്‍ ബുദ്ധമതം സ്വീകരിച്ചത്. ആധുനിക ബുദ്ധ സമൂഹത്തെ കൈകാര്യം ചെയ്യുന്നതിന് ഭാരതീയ ബുദ്ധമഹാസഭ (ബിബിഎം)യ്ക്ക് അംബേദ്കര്‍ രൂപം നല്‍കിയിരുന്നു. ദലിത് ബുദ്ധമതക്കാര്‍ എണ്ണത്തില്‍ കുറവായിരുന്നിട്ടും അവര്‍ക്കിടയിലെ വളര്‍ച്ച സൂചിപ്പിക്കുന്നത് ജാതീയമായ ഉച്ചനീചത്വങ്ങള്‍ ദലിതുകള്‍ക്കിടയില്‍ അസഹിഷ്ണുത സൃഷ്ടിക്കുന്നുണ്ടെന്നാണ്.  ഭരണഘടനാ ശില്‍പി ബി ആര്‍ അംബേദ്കറുടെ 125ാം ജന്മവാര്‍ഷികത്തില്‍ മുംബൈ ദാദറിലുള്ള അംബേദ്കര്‍ ഭവനില്‍ നടന്ന ചടങ്ങിലാണ് രോഹിതിന്റെ മാതാവ് രാധികയും സഹോദരന്‍ രാജ വെമുലയും ബുദ്ധമതം സ്വീകരിച്ചത്.
Next Story

RELATED STORIES

Share it