kozhikode local

ജാതി സര്‍ട്ടിഫിക്കറ്റ് നിഷേധത്തിന്പിന്നില്‍ ഗൂഢാലോചനയെന്ന്

മുക്കം: മൈസൂര്‍ മലയില്‍ സ്ഥിരതാമസക്കാരായ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ട മുതുവാന്‍ സമുദായത്തിന് ജാതി സര്‍ട്ടിഫിക്കറ്റ് നിഷേധിച്ച കോഴിക്കോട് തഹസില്‍ദാരുടെ നടപടി ഉദ്യോഗസ്ഥ വൃന്ദവും സിപിഎം നേതൃത്വവും ക്വാറി മാഫിയക്കു വേണ്ടി നടത്തിയ ഗൂഢാലോചനയുടെ ഫലമാണെന്ന് മുതുവാന്‍ ക്ഷേമസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. മുതുവാന്‍ വിഭാഗത്തില്‍പെട്ടവരുടെ ഭുമി കുടുംബാംഗങ്ങള്‍ പരസ്പരം കൈമാറാനേ പാടുള്ളൂ എന്നിരിക്കെ ആ ജാതി തന്നെ ഇല്ലാതായാല്‍ ക്വാറി മാഫിയക്ക് ഇവരുടെ ഭൂമി പെട്ടെന്ന് കൈവശപ്പെടുത്താന്‍ കഴിയും. 2000-ത്തില്‍ മൈസൂര്‍ മലയിലെ ആദിവാസി കോളനി സന്ദര്‍ശിച്ച അന്നത്തെ എംപി കെ മുരളീധരന് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ വിഷയത്തെക്കുറിച്ച് അന്വേഷിക്കാന്‍ കിര്‍ത്താഡ്‌സിനെ ചുമതലപ്പെടുത്തിയിരുന്നു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഗവ. സെക്രട്ടറി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയതാണ്. ഇത് ലംഘിച്ചുകൊണ്ടാണ് കോഴിക്കോട് തഹസില്‍ദാര്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്നത്. സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കു ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഒന്നും തന്നെ ഈ വിഭാഗത്തിന് ലഭികുന്നില്ല. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ മുതുവാന്‍ ക്ഷേമസമിതിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്നും അവര്‍ പറഞ്ഞു.മുതുവാന്‍ ക്ഷേമസമിതി പ്രസിഡന്‍ഡ് സുരേഷ് ഭഗവതിക്കാവില്‍, ബാബുമോന്‍, ബാലകൃഷ്ണന്‍, കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡണ്ട് സത്യന്‍ മുണ്ടയില്‍, കെ ജെ ജോസഫ്, കെ സി അഷ്‌റഫ്, കരീം ചോണാട് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it