kozhikode local

ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നില്ല; ആദിവാസി മുതുവാന്‍ വിഭാഗം പ്രക്ഷോഭത്തിലേക്ക്

മുക്കം: കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ മൈസൂര്‍മല, തോട്ടക്കാട് ഭാഗങ്ങളിലെ പട്ടികവര്‍ഗ്ഗക്കാരായ ആദിവാസി മുതുവാന്‍ വിഭാഗക്കാര്‍ ജാതിസര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭത്തിനൊരുങ്ങുന്നു.
ലഭ്യമായ രേഖകള്‍ സഹിതം ഒട്ടേറെ തവണ അപേക്ഷിച്ചിട്ടും  ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും കോഴിക്കോട് താലൂക്ക് ഓഫിസില്‍ നിന്നും ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു.  മുതുവാന്‍ എന്ന ജാതി ഇടുക്കി ജില്ലയില്‍ ഒഴികെ മറ്റൊരിടത്തും ഇല്ലെന്നാണ് കിര്‍ത്താഡ്‌സ് പറയുന്നതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പതിറ്റാണ്ടുകളായി മുതുവാന്‍ ജാതി സര്‍ട്ടിഫിക്കറ്റ് കാരശ്ശേരി പഞ്ചായത്ത് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഉള്ളവര്‍ക്കും ലഭിച്ചിരുന്നു. ഇതാണിപ്പോള്‍ മറ്റു ചില കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അനുവദിക്കാതിരിക്കുന്നത്. ഇത് മൂലം ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്നവരടക്കമുള്ള മുതുവാന്‍ വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥികള്‍ക്ക്  തുടര്‍ പഠനംതന്നെ നിര്‍ത്തേണ്ട സ്ഥിതിയാണ്. ഇതിന് പുറമെ കുട്ടികള്‍ക്ക് വിവിധ കോഴ്‌സുകള്‍ക്ക് സംവരണം വഴിയുള്ള പ്രവേശന സൗകര്യവും ത്രിശങ്കുവിലാണ്.   സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും പ്രയാസം അനുഭവപ്പെടുന്നതായി ഇവര്‍ പറയുന്നു. പ്രശ്‌നം പരിഹരിക്കുന്നതിന് മാര്‍ഗം ആരായുന്നതിനായി കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കോളനി പ്രതിനിധികളുടെ യോഗം പഞ്ചായത്ത് ഓഫിസില്‍ ചേര്‍ന്നു . 26ന് വിപുലമായ ആദിവാസി കണ്‍വന്‍ഷന്‍ ചേരാനും 30ന് താലൂക്ക് ഓഫിസ് മാര്‍ച്ചും ധര്‍ണയും നടത്താനും നിയമപോരാട്ടം നടത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാനും യോഗം തീരുമാനിച്ചു.
ആലോചനായോഗം കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി കെ വിനോദ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സജി തോമസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍മാരായ സുനില കണ്ണങ്കര, ഐഷ ലത, എകെഎസ് ജില്ലാ പ്രസിഡന്റ് ശ്യാം കിഷോര്‍, കെ ശിവദാസന്‍, ജാനകി കിഴക്കേഞ്ചേരി, സുമിത്ര ബാബു ചണ്ണങ്ങല്‍ സംസാരിച്ചു. പ്രവര്‍ത്തനങ്ങള്‍ക്കായി 51 അംഗ കമ്മിറ്റിയും രൂപീകരിച്ചു. ഭാരവാഹികളായി വി കെ വിനോദ് (ചെയര്‍മാന്‍), കെ ശിവദാസന്‍,  ജാനകി കിഴക്കേഞ്ചേരി, രാധ എളമ്പിലാശ്ശേരി (വൈസ് ചെയര്‍മാന്‍മാര്‍), ശ്യാം കിഷോര്‍, (കണ്‍വീനര്‍), രാമന്‍ കുട്ടി, ലിസി സ്‌കറിയ, വിനീത് ചുണ്ടത്തുംപൊയില്‍ (ജോ- കണ്‍വീനര്‍മാര്‍) എന്നിവരെ തിരെഞ്ഞെടുത്തു.
Next Story

RELATED STORIES

Share it