ജാതിമതില്‍; വടയമ്പാടിയില്‍ ദലിത് ആത്മാഭിമാന സംഗമം പോലിസ് തടഞ്ഞു

സി  എ  സജീവന്‍

കൊച്ചി: ദലിത് ഭൂ അവകാശ സമരമുന്നണിയുടെയും ജാതിമതില്‍ വിരുദ്ധ സമരസഹായ സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ വടയമ്പാടിയില്‍ നടത്തുമെന്ന് പ്രഖ്യാപിച്ച 'അസ്പൃശ്യരുടെ ആത്മാഭിമാന സംഗമം' പോലിസ് തടഞ്ഞു. സംഗമത്തിനെത്തിയ 300ഓളം പേരെ കരുതല്‍ തടങ്കലെന്ന പേരില്‍ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്താണ് സമാധാനപരമായി സംഘടിപ്പിച്ച സമരപരിപാടി പോലിസ് തകര്‍ത്തത്. ആര്‍എസ്എസ് ആജ്ഞാനുവര്‍ത്തികളായി തികഞ്ഞ പക്ഷപാതിത്വം കാട്ടുകയായിരുന്നു പോലിസ്. പരസ്യമായി പോലിസിനെ വെല്ലുവിളിച്ചിട്ടും നിയമലംഘനം നടത്തിയിട്ടും ഹിന്ദുത്വര്‍ക്കെതിരേ യാതൊരു ബലപ്രയോഗത്തിനും പോലിസ് മുതിര്‍ന്നില്ല. പകരം അവരോട് സഹകരിക്കാന്‍ അപേക്ഷിക്കുകയായിരുന്നു സിഐ സാജന്‍ സേവ്യറും ഡിവൈഎസ്പി ബിജുമോനും അടക്കമുള്ളവര്‍.പരിപാടി റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയും ആര്‍എസ്എസുകാര്‍ കൂട്ടംചേര്‍ന്ന് മര്‍ദിച്ചു. തേജസ് ഫോട്ടോഗ്രാഫര്‍ ഷിയാമി തൊടുപുഴ അടക്കം നാലു മാധ്യമപ്രവര്‍ത്തകര്‍ക്കാണ് മര്‍ദനമേറ്റത്. എന്നിട്ടും ആര്‍എസ്എസുകാരില്‍ ഒരാളെ പോലും കസ്റ്റഡിയിലെടുത്തില്ല. എന്നാല്‍, സമരത്തില്‍ പങ്കെടുക്കാനെത്തിയെന്നു സംശയിച്ചവരെ പോലും ഇടിവണ്ടിയില്‍ കയറ്റിക്കൊണ്ടുപോയി. അവരെ സ്റ്റേഷനിലും അപമാനിക്കാനും ആക്ഷേപിക്കാനും ശ്രമമുണ്ടായെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. ദലിത് കോളനികളുടെ പൊതുസ്ഥലമായി ഉപയോഗിച്ചിരുന്ന ഭജനമഠത്തെ പുറമ്പോക്ക് ഭൂമിക്ക് നല്‍കിയ വ്യാജ പട്ടയം റദ്ദാക്കണമെന്നും പൊതു മൈതാനമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ആത്മാഭിമാന സംഗമം സംഘടിപ്പിച്ചത്. രാവിലെ പത്തുമണിക്കായിരുന്നു പരിപാടി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 5000ഓളം പേര്‍ പങ്കെടുക്കുമെന്നു പ്രതീക്ഷിച്ച വന്‍ പരിപാടിയായിരുന്നു. പരിപാടിക്ക് മൈക്ക് ഉപയോഗിക്കാന്‍ പോലിസ് അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍, പ്രഖ്യാപിച്ച പരിപാടി നടത്താതിരിക്കാനാവില്ലെന്നും അതിനാല്‍ ചൂണ്ടി ജങ്ഷനില്‍ സംഗമം നടത്തുമെന്നും സംഘാടകരും പോലിസിനെ അറിയിച്ചിരുന്നു.
Next Story

RELATED STORIES

Share it