Flash News

ജാതിപ്പേര് വിളിച്ചെന്ന വിവാദം : ലക്ഷ്മി നായര്‍ക്കെതിരേ പരാതിപ്പെട്ട വിദ്യാര്‍ഥി കേസില്‍ നിന്നു പിന്‍മാറി



കൊച്ചി: തിരുവനന്തപുരം ലോ അക്കാദമിയില്‍ ജാതിപ്പേര് വിളിയിലൂടെ മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ ആക്ഷേപത്തിനിരയായെന്നു പരാതിപ്പെട്ട വിദ്യാര്‍ഥി അവര്‍ക്കെതിരായ കേസില്‍ നിന്നു പിന്‍മാറി. കേസില്‍ ലക്ഷ്മി നായരെ കസ്റ്റഡിയിലെടുക്കണമെന്നും അന്വേഷണച്ചുമതല എസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ ഏല്‍പ്പിക്കണമെന്നുമാവശ്യപ്പെട്ട് പരാതിക്കാരനായ വിവേക് നല്‍കിയ ഹരജിയാണു പിന്‍വലിച്ചത്. ഇതേത്തുടര്‍ന്ന് തനിക്കെതിരേ അനാവശ്യമായി അടിച്ചേല്‍പ്പിച്ച കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലക്ഷ്മി നായര്‍ നല്‍കിയ ഹരജി പുതുക്കി സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. ഇന്നലെ കേസ് പരിഗണിക്കവേ ലക്ഷ്മി നായരുമായുണ്ടായ പ്രശ്‌നം ഒത്തുതീര്‍ന്നെന്നും അവര്‍ക്കെതിരായ ഹരജിയുമായി മുന്നോട്ടുപോവാന്‍ താല്‍പര്യമില്ലെന്നും ഹരജിക്കാരന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നു നീക്കണമെന്നായിരുന്നു തന്റെ ആവശ്യം. ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തില്‍ കേസുമായി മുന്നോട്ടു പോവുന്നില്ലെന്നും ഹരജിക്കാരന്‍ വ്യക്തമാക്കി. ഹരജിക്കാരന്‍ പിന്‍മാറിയ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ പരാതിയിന്‍മേലെടുത്ത കേസും തുടര്‍നടപടികളും റദ്ദാക്കണമെന്ന ആവശ്യം ഈ സമയം ലക്ഷ്മി നായരുടെ അഭിഭാഷകന്‍ ഉന്നയിച്ചു. നിലവിലെ ഹരജിയില്‍ അത്തരമൊരു തീരുമാനം സാധ്യമല്ലെന്നും പുതുക്കിയ ഹരജി സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it