ജാട്ട് സംവരണത്തിന് ഹൈക്കോടതി സ്റ്റേ

ചണ്ഡീഗഡ്: ജാട്ടുകള്‍ക്കും മറ്റ് അഞ്ച് സമുദായങ്ങള്‍ക്കും ഹരിയാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംവരണം പഞ്ചാബ് ഹരിയാന ഹൈക്കോടതി സ്‌റ്റേ ചെയ്തു. പുതുതായി രൂപപ്പെടുത്തിയ പിന്നാക്ക വിഭാഗത്തിലെ സി ക്ലാസില്‍ ഉള്‍പ്പെടുത്തി ജാട്ടുകള്‍ക്കും മറ്റ് അഞ്ച് വിഭാഗങ്ങള്‍ക്കും മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ ഏര്‍പ്പെടുത്തിയ പത്ത് ശതമാനം സംവരണമാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ഹരിയാന നിയമസഭ പാസാക്കിയ ബാക്ക്‌വേഡ് ക്ലാസ് ആക്ട് 2016ന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ഭിവാനി സ്വദേശി മുരളി ലാല്‍ഗുപ്ത സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്.
കഴിഞ്ഞ മാര്‍ച്ച് 29നാണ് ബാക്ക്‌വേഡ് ക്ലാസ് ആക്റ്റ് 2016 നിയമസഭ ഐകകണ്‌ഠ്യേന പാസാക്കിയത്. ജാട്ടുകള്‍ക്ക് പുറമെ ജാട്ട് സിഖ്, ജാട്ട് മുസ്‌ലിം, ബിഷ്‌ണോയി, റോര്‍സ്, ത്യാഗി തുടങ്ങിയ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസുകളില്‍ ജോലിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനത്തിനും 10 ശതമാനം സംവരണം ഉറപ്പ് വരുത്തുന്നതിനാണ് ബില്‍ പാസാക്കിയത്.
റാം സിങും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള കേസില്‍ സാമൂഹികമായോ രാഷ്ട്രീയമായോ വിദ്യാഭ്യാസപരമായോ ജാട്ടുകള്‍ പിന്നാക്ക വിഭാഗമല്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു.
സംവരണം ആവശ്യപ്പെട്ട് ജാട്ട് വിഭാഗക്കാര്‍ സംസ്ഥാനത്ത് നടത്തിയ പ്രക്ഷോഭം അക്രമാസക്തമായിരുന്നു. തുടര്‍ന്നാണ് ജാട്ടുകള്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ക്കു സംവരണം ഏര്‍പ്പെടുത്താന്‍ ഹരിയാന സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.
Next Story

RELATED STORIES

Share it