ജാട്ട് പ്രക്ഷോഭം അക്രമാസക്തം; വെടിവയ്പില്‍ ഒരാള്‍ മരിച്ചു

റോഹ്തക്: ഹരിയാനയിലെ ജാട്ട് സംവരണ പ്രക്ഷോഭം അക്രമാസക്തമായതിനെ തുടര്‍ന്നുണ്ടായ പോലിസ് വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 21 പേര്‍ക്കു പരിക്കേറ്റു.
സംസ്ഥാന ധനകാര്യ മന്ത്രിയുടെ റോഹ്തക് ജില്ലയിലെ വീട് ആക്രമിച്ച ജനക്കൂട്ടത്തിനുനേരെ സുരക്ഷാസേന വെടിയുതിര്‍ക്കുകയായിരുന്നു. രോഹ്തക്, ഭിവാനി നഗരങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.
സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ടന്ന് ഹരിയാന ഡിജിപി അറിയിച്ചു. 1000 പോലീസുകാരെ ഹരിയാനയിലേക്കയച്ചിട്ടുണ്ട്.
മന്ത്രിയുടെ സ്വകാര്യ വസതിക്കുനേരെ കല്ലെറിഞ്ഞു. വീടിനു പുറത്തു നിര്‍ത്തിയിട്ട കാറിനു തീവയ്ക്കുകയും ചെയ്തു. സമരക്കാര്‍ വീടിനു തീവയ്ക്കാനും ശ്രമിക്കുന്നുണ്ടായിരുന്നു. സ്ഥിതി നിയന്ത്രണാധീതമായപ്പോഴാണ് വെടിയുതിര്‍ത്തതെന്ന് പോലിസ് അറിയിച്ചു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ദേശീയപാതയില്‍ നിര്‍ത്തിയിട്ട പോലിസ് വാഹനങ്ങളും സമരക്കാര്‍ തകര്‍ത്തു. ഐജി ഓഫിസിനുനേരെയും അക്രമമുണ്ടായി. ഓഫിസിനു പുറത്തു നിര്‍ത്തിയിട്ട കാര്‍ നശിപ്പിച്ചു.
ഒരു പോലിസ് വാഹനവും നിരവധി സ്വകാര്യ വാഹനങ്ങളും അഗ്നിക്കിരയാക്കിയിട്ടുണ്ട്. രോഗിയുമായി ആശുപത്രിയിലേക്കു പുറപ്പെട്ട സ്‌കൂട്ടറും സമരക്കാര്‍ അഗ്നിക്കിരയാക്കി. ദേശീയപാതയിലുടെ സഞ്ചരിച്ച കാറുകളുടെ ടയറുകള്‍ സമരാനുകൂലികള്‍ അഴിച്ചുമാറ്റിയിട്ടുണ്ട്. സമരം ജജ്ജാര്‍, ഭിവാനി, ഹിസാര്‍, ഫതേഹാബാദ്, കാര്‍ണല്‍, ജിന്‍ഡ്, യമുനാ നഗര്‍, സിര്‍സ, ഗുഡ്ഗാവ് എന്നിവിടങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണ്.
റോഹ്തകിലും ജജ്ജാറിലും മൊബൈല്‍, ഇന്റര്‍നെറ്റ് ബന്ധം പൂര്‍ണമായും നിലച്ചു. സമരം ശക്തമായ റോഹ്തക് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പോലിസിനെയും അര്‍ധ സേനയെയും വിന്യസിച്ചു.
സ്ഥിതിഗതികള്‍ വിലയിരുത്താനായി ഉന്നത തല യോഗം വിളിച്ചു. മുഖ്യമന്ത്രി മനോഹര്‍ ഖട്ടാരിന്റെ നേതൃത്വത്തില്‍ വിൡച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിനു ശേഷമാണ് വിവിധ ഭാഗങ്ങളില്‍ സമരം അക്രമാസക്തമായത്.
സമരം പിന്‍വലിക്കണമെന്ന സര്‍വകക്ഷി യോഗത്തിന്റെ ആഹ്വാനം ജാട്ട് നേതാക്കള്‍ തള്ളിയിരുന്നു. ജാട്ട് സമുദായത്തെ ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സംവരണം അനുവദിക്കാന്‍ നടപടിയെടുത്താലേ സമരത്തില്‍നിന്നു പിന്‍മാറുകയുള്ളൂ എന്നാണ് പ്രക്ഷോഭകരുടെ നിലപാട്.
സമരം ശക്തമായതു ഹരിയാനയിലെ ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ സംവരണം വര്‍ധിപ്പിക്കാമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശവും സമരക്കാര്‍ തള്ളുകയായിരുന്നു.
Next Story

RELATED STORIES

Share it