ജാട്ട് കലാപം രാജസ്ഥാനിലേക്ക് വ്യാപിക്കുന്നു

സ്വന്തം  പ്രതിനിധി

ന്യൂഡല്‍ഹി: ഒബിസി സംവരണം ആവശ്യപ്പെട്ട്് ഹരിയാനയില്‍ ജാട്ട് സമുദായക്കാര്‍ നടത്തുന്ന പ്രക്ഷോഭം രാജസ്ഥാനിലേക്കും വ്യാപിച്ചു. കിഴക്കന്‍ രാജസ്ഥാന്റെ ചില ഭാഗങ്ങളില്‍ കലാപകാരികള്‍ ഇന്നലെ റെയില്‍-റോഡ് ഗതാഗതങ്ങള്‍ തടസ്സപ്പെടുത്തുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. അക്രമത്തെ തുടര്‍ന്ന് പ്രദേശങ്ങളില്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഡൗര്‍മി, സ്വേര്‍ ഭാഗങ്ങളിലാണ് അക്രമം വ്യാപിച്ചതെന്ന് അഡീഷനല്‍ എസ്പി ഭരത്‌ലാല്‍ മീന വ്യക്തമാക്കി. കലാപബാധിതപ്രദേശങ്ങളിലേക്ക് കൂടുതല്‍ സേനയെ എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അതേസമയം, ഹരിയാനയില്‍ സമരത്തിന്റെ തീവ്രത കുറഞ്ഞിട്ടുണ്ട്. ഇവിടെനിന്ന് ഡല്‍ഹിയിലേക്കുള്ള ജലവിതരണം പുനസ്ഥാപിച്ചുതുടങ്ങി. സോനിപത്തിലെ മുനാക് കനാല്‍ കേന്ദ്രസേന സമരക്കാരില്‍നിന്ന് മോചിപ്പിച്ചു. അതിനിടെ, അക്രമങ്ങളിലെ മരണസംഖ്യ 19 ആയി ഉയര്‍ന്നു. ഇന്നലെ മൂന്നുപേരാണു കൊല്ലപ്പെട്ടത്. നേരത്തേ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ ചിലയിടങ്ങളില്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് ഏര്‍പ്പെടുത്തിയപ്പോള്‍ മറ്റു ചില സ്ഥലങ്ങളില്‍ അക്രമസംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ രാവിലെ ഡല്‍ഹിയിലേക്കുള്ള ജലവിതരണം മുടങ്ങിയതിനാല്‍ വിഷയത്തില്‍ സുപ്രിംകോടതി ഇടപെടണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കിയ ഡല്‍ഹി സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചു. നിങ്ങള്‍ എസി ചേംബറില്‍ വിശ്രമിച്ചിട്ട് കോടതിയോട് ഉത്തരവിടാന്‍ ആവശ്യപ്പെടുകയാണെന്ന് ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് ഡല്‍ഹി സര്‍ക്കാരിനോട് പറഞ്ഞു. എന്നാല്‍, ഹരജി പരിഗണിച്ച കോടതി രണ്ടുദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹരിയാന സര്‍ക്കാരിനു നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it