ജാട്ട് കലാപം പടരുന്നു; മരണം അഞ്ചായി

കെ എ സലിം

ന്യൂഡല്‍ഹി: മറ്റു പിന്നാക്കവിഭാഗത്തിലുള്‍പ്പെടുത്തി (ഒബിസി) സംവരണം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹരിയാനയില്‍ ജാട്ട് സമുദായം നടത്തുന്ന പ്രക്ഷോഭം തുടര്‍ച്ചയായ രണ്ടാംദിവസവും അക്രമാസക്തമായി. കലാപം ഡല്‍ഹി ഉള്‍പ്പെടെ കൂടുതല്‍ പ്രദേശങ്ങളിലേക്കു വ്യാപിച്ചു. രോഹ്തക്, ജജാര്‍ ജില്ലകളില്‍ അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സുരക്ഷാസേന നടത്തിയ വെടിവയ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രോഹ്തകില്‍ ഒരാള്‍ വെടിയേറ്റു മരിച്ചിരുന്നു. ഇതോടെ മരണസംഖ്യ അഞ്ചായി.
ഹരിയാന മന്ത്രി ഒ പി ധാന്‍കറുടെ വീടിനു നേരെ അക്രമികള്‍ കല്ലെറിഞ്ഞു. ജാജിഹാറിലെ റെയില്‍വേ സ്‌റ്റേഷനും നിരവധി ബസ്സുകളും കത്തിച്ചു. കലാപം കൂടുതല്‍ പ്രദേശങ്ങളിലേക്കു വ്യാപിച്ചതിനെ തുടര്‍ന്ന് സൈന്യം ഫഌഗ് മാര്‍ച്ച് നടത്തി. സോണിപത്ത്, ഗോഹാന, രോഹ്തക്, ബിവാനി, ജാഗര്‍ പ്രദേശങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹിയോടു ചേര്‍ന്ന പ്രദേശങ്ങളാണ് ഇതില്‍ പലതും. ഡല്‍ഹി സര്‍വകലാശാലയിലെ നോര്‍ത്ത് കാംപസില്‍ പ്രക്ഷോഭത്തിനിറങ്ങിയ ജാട്ട് വിദ്യാര്‍ഥികള്‍ ദേശീയപാത 73 ഉപരോധിച്ചു.
സഹാറന്‍പൂര്‍-കുരുക്ഷേത്ര, സഹാറന്‍പൂര്‍-അംബാല, യമുനാനഗര്‍-പോന്‍ത സാഹിബ്, ബിലാസ്പൂര്‍-സാധുര റോഡുകളും തടസ്സപ്പെടുത്തി. ബസ് സര്‍വീസുകള്‍ നിലച്ചതിനാല്‍ പൊതുഗതാഗതം സ്തംഭിച്ചു. ഹരിയാന വഴി കടന്നുപോവുന്ന നിരവധി ട്രെയിനുകളും റദ്ദാക്കി. 500 ട്രെയിന്‍ സര്‍വീസുകളെ കലാപം ബാധിച്ചു. ഗുഡ്ഗാവിലെ മാരുതി ഉള്‍പ്പെടെയുള്ള വന്‍കിട കമ്പനികള്‍ പ്രവര്‍ത്തനം നിര്‍ത്തി.
ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങിയതോടെ നോര്‍ത്ത് കാംപസ് പരിസരത്ത് ഗതാഗതം തടസ്സപ്പെട്ടു. തങ്ങളോട് ബിജെപി സര്‍ക്കാര്‍ അനീതി കാട്ടുന്നതായി ഇവര്‍ വിളിച്ചുപറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കാംപസ് പരിസരത്ത് കൂടുതല്‍ പോലിസിനെ വിന്യസിച്ചു.
സാഹചര്യം വിലയിരുത്താന്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങിന്റെ വസതിയില്‍ ഉന്നതതല യോഗം ചേര്‍ന്നു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പങ്കെടുത്തു. അതേസമയം, ജാട്ടുകളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്നും സമരം അവസാനിപ്പിക്കണമെന്നും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ കഠാര്‍ പറഞ്ഞു. ഇന്നലെ സര്‍വകക്ഷി യോഗത്തിനു ശേഷമായിരുന്നു കഠാറിന്റെ പ്രസ്താവന. എന്നാല്‍, ഉറപ്പ് എഴുതിനല്‍കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം.
സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാവാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് ഹരിയാന പോലിസ് മേധാവി യശ്പാല്‍ സിംഗാള്‍ അറിയിച്ചു. സംഘര്‍ഷബാധിത മേഖലകളിലേക്ക് കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ പോലിസും സൈന്യവും ചേര്‍ന്നാണ് നടപടികള്‍ സ്വീകരിക്കുന്നത്. ഇക്കാര്യത്തില്‍ ഇന്റലിജന്‍സ് പരാജയം ഉണ്ടായിട്ടില്ല. നേതൃത്വമില്ലാത്ത ഒരുസംഘം യുവാക്കളാണ് കലാപത്തിനു പിന്നില്‍. ഇടയ്ക്കിടെ അവര്‍ പദ്ധതികള്‍ മാറ്റുകയാണ്. ഇവരെ കൈകാര്യം ചെയ്യാന്‍ പ്രയാസമാണെന്നും പോലിസ് മേധാവി പറഞ്ഞു.
10 കമ്പനി അര്‍ധസൈനികരാണ് അവിടെ ഇപ്പോഴുള്ളത്. 23 കമ്പനി കൂടി വൈകാതെ എത്തും. സാഹചര്യങ്ങള്‍ അറിയാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പോലിസ് മേധാവിയുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. സാമ്പത്തികമായും രാഷ്ട്രീയമായും ഉന്നതിയിലുള്ള ജാട്ടുകള്‍ക്ക് നിലവില്‍ സംവരണമില്ല. സാമ്പത്തികസ്ഥിതിയുടെ അടിസ്ഥാനത്തില്‍ സംവരണം നല്‍കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നെങ്കിലും തങ്ങളെ ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് ജാട്ടുകളുടെ ആവശ്യം. ഹരിയാനയില്‍ 29 ശതമാനമാണ് ജാട്ടുകള്‍. ഒബിസിയില്‍ ഉള്‍പ്പെടുത്തിയാല്‍ 27 ശതമാനം സംവരണം ലഭിക്കും.
Next Story

RELATED STORIES

Share it