malappuram local

ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനം പേരിലൊതുങ്ങി



മലപ്പുറം: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്ന സമിതികളോട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അലര്‍ജി. അതിക്രമങ്ങള്‍ തടയാനും സംരക്ഷണമേകാനും ലക്ഷ്യമിട്ട് വാര്‍ഡ് തലങ്ങളില്‍ രൂപീകരിച്ച ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ പേരിലൊതുങ്ങി. വനിതാ കമ്മീഷന്റെ പ്രാദേശിക ഘടകമെന്ന നിലയിലാണ് ജാഗ്രതാ സമിതികള്‍ക്ക് രൂപം നല്‍കിയത്. വനിതാ കമ്മീഷന്‍, ജില്ലാ ജാഗ്രത സമിതി, തദ്ദേശ സ്വയംഭരണ സ്ഥാപനതല ജാഗ്രത സമിതി, വാര്‍ഡ് തല ജാഗ്രത സമിതി എന്നീ തലത്തിലാണ് ഇതിന്റെ പ്രവര്‍ത്തനഘടന. താഴെ തട്ടില്‍ പ്രവര്‍ത്തിക്കേണ്ട വാര്‍ഡുതല ജാഗ്രത സമിതി ഇതുവരെ ഒരു വാര്‍ഡിലും വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല. എല്ലാ പഞ്ചായത്തുകളിലും ജാഗ്രതാസമിതി രൂപീകരിക്കാന്‍ 2015 ഒക്ടോബറില്‍ ഗവര്‍ണര്‍ പ്രത്യേക ഓര്‍ഡിനന്‍സും പുറത്തിറക്കിയിരുന്നു. ജാഗ്രതാസമിതികള്‍ മൂന്ന് മാസം ചേര്‍ന്നില്ലെങ്കില്‍ വാര്‍ഡ് മെമ്പറെ അയോഗ്യനാക്കാമെന്ന് കേരളപഞ്ചായത്തി രാജ് നിയമഭേദഗതിയിലും ഉള്‍പ്പെടുത്തി. ഗവര്‍ണറുടെ ഓര്‍ഡിനന്‍സ് ജാഗ്രതാസമിതികള്‍ക്ക് നിയമപിന്‍ബലവും നല്‍കുന്നുണ്ട്. എന്നാല്‍, ഓര്‍ഡിനന്‍സ് പുറത്തിറങ്ങി ഒരു വര്‍ഷം കഴിഞ്ഞ ശേഷമാണു മിക്ക പഞ്ചായത്തുകളിലും സമിതി രൂപീകരിച്ചത്. എന്നാല്‍, ജാഗ്രത സമിതിയുടെ പ്രവര്‍ത്തനം വാര്‍ഡുകളിലേക്ക് വ്യാപിപ്പിച്ചിട്ടില്ല. പഞ്ചായത്തീ രാജിലെ പുതിയ ഉത്തരവ് പ്രകാരം ഗ്രാമസഭയേക്കാള്‍ പ്രാധാന്യം ജാഗ്രതാസമിതികള്‍ക്കാണെങ്കിലും പഞ്ചായത്ത് അധികൃതര്‍ ഇതു ഗൗനിക്കുന്നില്ല. വാര്‍ഡ് കൗണ്‍സിലര്‍, വനിതാ പോലിസ് ഓഫിസര്‍, അഭിഭാഷക, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പെടുത്തിയാണു സമിതി രൂപീകരിക്കേണ്ടത്. എല്ലാ മാസവും വാര്‍ഡംഗത്തിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് പ്രദേശത്തെ പരാതികള്‍ പരിശോധിക്കണം. ചര്‍ച്ചകളിലൂടെ പരിഹരിക്കാവുന്നത് അത്തരത്തിലും ഇതല്ലാത്തവ പഞ്ചായത്തുതല ജാഗ്രതാസമിതിയിലേക്കും അവിടെനിന്ന് താലൂക്ക്, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്കും കൈമാറണം. പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കേണ്ട കാര്യങ്ങളാണെങ്കില്‍ ജാഗ്രത സമിതി തന്നെ മുന്‍ൈകയെടുത്തുവേണ്ട കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ വേണ്ടിയൊക്കെയാണ് സമിതി രൂപീകരിച്ചത്. എന്നാല്‍, ഇതൊന്നു ഭൂരിപക്ഷം പഞ്ചായത്തുകളിലും പ്രവര്‍ത്തിക്കുന്നില്ല. സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്‌നങ്ങള്‍ അടുത്തറിയാനും ഇതിന് പരിഹാരമേകാനും വാര്‍ഡ് ജാഗ്രതാസമിതികള്‍ക്ക് സാധിക്കും. പ്രശ്‌നങ്ങള്‍ പുറത്തറിയിക്കാനും ഇടപെടാനും ആളില്ലാത്തതുമൂലം പീഡനങ്ങള്‍ സഹിക്കേണ്ടിവരുന്നവര്‍ക്ക് താങ്ങാകുക കൂടിയാണ് ജാഗ്രതാസമിതിയുടെ ലക്ഷ്യം. എന്നാല്‍, സമിതി പാലിക്കേണ്ടതും നടപ്പില്‍ വരുത്തേണ്ടതുമായ കാര്യങ്ങള്‍ സ്ത്രീകളും കുട്ടികളും അറിയുന്ന് പോലുമില്ല. കുട്ടികളുടെയും സ്ത്രീകളുടെയും സംരക്ഷണത്തിനായി വലിയ പ്രതീക്ഷയില്‍ കൊണ്ടുവന്ന ജാഗ്രതാ സമിതികള്‍ പക്ഷേ, അധികൃതരുടെ നിസ്സംഗതയില്‍ അപ്രത്യക്ഷമാവുകയാണ്.
Next Story

RELATED STORIES

Share it