World

ജാഗ്രതാ നിര്‍ദേശവുമായി ചൈനയും യുഎസും

വാഷിങ്ടണ്‍/ബെയ്ജിങ്: പാകിസ്താനിലേക്കു യാത്ര ചെയ്യുന്നതിനെതിരേ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി യുഎസും ചൈനയും. പാകിസ്താനില്‍ കഴിയുന്ന പൗരന്മാര്‍ക്കും ഇരുരാജ്യങ്ങളും ജാഗ്രതാ നിര്‍ദേശം നല്‍കി. ഭീകരാക്രമണസാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദേശമെന്നു ചൈനയും യുഎസും വ്യക്തമാക്കി. പാകിസ്താനിലെ ചൈനക്കാര്‍ക്കു നേരെ ഭീകരാക്രമണമുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് ചൈനീസ് ഇന്റലിജന്‍സ് റിപോര്‍ട്ട്. ചൈനീസ് പൗരന്മാര്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ തുടര്‍ച്ചയായ ആക്രമണത്തിനു സാധ്യതയുള്ളതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നു. പരമാവധി സമയം പുറത്തിറങ്ങാതെ നോക്കണമെന്നും തിരക്കേറിയ ഇടങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശത്തിലുണ്ട്.  അതേസമയം, ചൈനീസ് പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന് പാകിസ്താന്‍ അധികൃതര്‍ വ്യക്തമാക്കി.പാകിസ്താനിലേക്കുള്ള യാത്രകള്‍ അത്യാവശ്യഘട്ടങ്ങളില്‍ മാത്രമേ നടത്താവൂ എന്നാണ് യുഎസ് തങ്ങളുടെ പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. രാജ്യത്തെ പൗരന്മാര്‍ക്കു നേരെ പാകിസ്താനടക്കമുള്ള രാജ്യങ്ങളില്‍ കടുത്ത ഭീഷണിയുയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പെന്നു യുഎസ് അറിയിച്ചു.  യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരെയും ഓഫിസുകളെയും ലക്ഷ്യംവച്ച് പലതവണ ആക്രമണങ്ങള്‍ നടന്നതായും ഇനിയും അവ തുടര്‍ന്നേക്കാമെന്നും മുന്നറിയിപ്പുണ്ട്. യുഎസ് പൗരന്മാരെ മോചനദ്രവ്യമാവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോവാന്‍ സാധ്യതയുണ്ടെന്നും പറയുന്നു. റിപോര്‍ട്ടില്‍ പാകിസ്താനിലെ വിവിധ പ്രവിശ്യകളില്‍ നടന്ന ആക്രമണസംഭവങ്ങള്‍ ഒന്നൊന്നായി വിവരിച്ചിട്ടുണ്ട്. വിമാനത്താവളങ്ങള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, സൈനിക കേന്ദ്രങ്ങള്‍ എന്നിവയ്ക്കു നേരെയും ആക്രമണം ഉണ്ടായേക്കാം. സര്‍വകലാശാലകള്‍, ആരാധനാലയങ്ങള്‍, പാര്‍ക്കുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവയ്ക്കുനേരെയും ആക്രമണത്തിനു സാധ്യതയുണ്ടെന്നു മുന്നറിയിപ്പുണ്ട്. ആറുമാസം മുമ്പും സമാനമായ മുന്നറിയിപ്പ് യുഎസ് പുറത്തിറക്കിയിരുന്നു.
Next Story

RELATED STORIES

Share it