wayanad local

ജാഗ്രതാസമിതികള്‍ കര്‍ശന നിലപാടെടുക്കണം: സംസ്ഥാന വനിതാ കമ്മീഷന്‍

കല്‍പ്പറ്റ: സ്ത്രീകള്‍ക്കു നേരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങളും പീഡനങ്ങളും തടയാന്‍ ജാഗ്രതാസമിതികള്‍ കര്‍ശന നിലപാടെടുക്കണമെന്നു സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. അടക്കിവയ്ക്കലില്‍ നിന്നു തുറന്നുപറച്ചിലിന്റെ ലോകത്തേക്ക് സ്ത്രീസമൂഹം മാറേണ്ട കാലമായെന്നും അവര്‍ അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്തും സാമൂഹികനീതി വകുപ്പും സംയുക്തമായി സംഘടിപ്പിച്ച വാര്‍ഡ്തല, പഞ്ചായത്തുതല ജാഗ്രതാസമിതി ചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാര്‍ എന്നിവര്‍ക്കുളള ജില്ലാതല ശില്‍പശാലയുടെ ഉദ്ഘാടനം കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അവര്‍. സ്വന്തം ഇടം തിരിച്ചറിയാന്‍ ഓരോ സ്ത്രീക്കും കൃത്യമായ അവബോധം വേണം. സ്ത്രീകളുടെ സാമൂഹികപരമായ മുന്നേറ്റത്തിന് സാഹചര്യമൊരുക്കാന്‍ വാര്‍ഡ് തലം മുതല്‍ ജാഗ്രതാസമിതികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തേണ്ടതുണ്ട്. പുരുഷകേന്ദ്രീകൃത സമൂഹത്തില്‍ സ്ത്രീകളുടെ സ്ഥാനം കൃത്യമായി നിര്‍ണയിക്കപ്പെടണം. ഭരണഘടന അനുവദിക്കുന്ന അവകാശങ്ങള്‍ പലപ്പോഴും സ്ത്രീക്ക് ലഭിക്കാത്ത സാഹചര്യമാണുള്ളത്. മതവും സമുദായങ്ങളും സ്ത്രീസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താതെ അവകാശ സംരക്ഷണ നിലപാട് സ്വീകരിക്കണം. സമൂഹത്തിലെ സൂക്ഷ്മതലം മുതല്‍ സ്ഥൂലതലം വരെയുളള ഇടങ്ങള്‍ ലിംഗസമത്വത്തിനായി പ്രവര്‍ത്തിക്കണമെന്ന് എം സി ജോസഫൈന്‍ പറഞ്ഞു. ചരിത്രങ്ങള്‍ പൊതുവെ സ്തീയെ പാര്‍ശ്വവല്‍ക്കരിക്കുകയാണ് ചെയിതിട്ടുള്ളത്. എന്നാല്‍, കേരള ചരിത്രത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. നവോത്ഥാനകാലഘട്ടം മുതല്‍ വിവിധ അവകാശങ്ങള്‍ ഉന്നയിച്ചുകൊണ്ട് നടത്തിയ സമരങ്ങളിലൂടെ നേടിയെടുത്തതാണ് ഇന്നു പല ദിശാസൂചകങ്ങളിലും കാണുന്ന സ്ത്രീമുന്നേറ്റം. നിയമസഭകളിലും പാര്‍ലമെന്റിലും സ്ത്രീ പ്രാതിനിധ്യം കുറവുള്ള അവസ്ഥയ്ക്കു മാറ്റംവരണമെന്നും അവര്‍ പറഞ്ഞു. സ്ത്രീ പരിരക്ഷ ഉറപ്പാക്കാന്‍ നിര്‍മിച്ച പല നിയമങ്ങളും കവര്‍ന്നെടുക്കപ്പെട്ടുകൊണ്ടിരിക്കയാണ്. പീഡനം എന്ന വാക്ക് നിസ്സാരവല്‍ക്കരിക്കപ്പെടുന്നു. ഗാര്‍ഹികപീഡന നിയമത്തിന്റെ 498 എ വകുപ്പില്‍ പോലും വെള്ളം ചേര്‍ക്കപ്പെട്ടു. തൊഴിലിടങ്ങളിലെ പീഡനവും മാറുന്ന തൊഴില്‍ നിയമങ്ങളും സ്ത്രീകളുടെ അധ്വാനത്തെ ചൂഷണം ചെയ്യുകയാണന്നും എം സി ജോസഫൈന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിശിഷ്ട സേവനത്തിനുളള രാഷ്ട്രപതിയുടെ പോലിസ് മെഡല്‍ നേടിയ നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി കെ മുഹമ്മദ് ഷാഫിയെ ജില്ലാ കലക്ടര്‍ എസ് സുഹാസ് ആദരിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അനില തോമസ്, കെ മിനി, ഓമന ടീച്ചര്‍, എ എന്‍ പ്രഭാകരന്‍, വര്‍ഗീസ് മുരിയന്‍കാവില്‍, പി ഇസ്മായില്‍, പി എന്‍ വിമല, കെ ബി നസീമ, ജില്ലാ സാമൂഹികനീതി ഓഫിസര്‍ ഡാര്‍ളി ഇ പോള്‍, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എന്‍ പി വോണുഗോപാല്‍, ഐസിഡിഎസ് പ്രോഗ്രാം ഓഫിസര്‍ വി ഐ നിഷ തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it