ജസ്‌ന മരിയ ജയിംസ് തിരോധാനം; നിര്‍ണായക സൂചനകള്‍ ലഭിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: പത്തനംതിട്ടയില്‍ നിന്നു കാണാതായ കോളജ് വിദ്യാര്‍ഥിനി ജസ്‌ന മരിയ ജയിംസിനെ സംബന്ധിച്ച് നിര്‍ണായകമായ ചില സൂചനകള്‍ ലഭിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഈ സൂചനകള്‍ സസൂക്ഷ്മം പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ അറിയിക്കാമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സൂചന സംബന്ധിച്ച വിവരങ്ങള്‍ മുദ്ര വച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുമുണ്ട്. ഇത് പരിശോധിച്ച കോടതി അന്വേഷണവും പരിശോധനകളും തുടരട്ടെയെന്ന് വ്യക്തമാക്കി.
ജസ്‌നയെ കണ്ടെത്താന്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സഹോദരന്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. മാര്‍ച്ച് 23ന് ജസ്‌നയെ കാണാനില്ലെന്ന പിതാവിന്റെ പരാതി ലഭിച്ച ശേഷം വിശദമായ അന്വേഷണം നടത്തുന്നതായി തിരുവല്ല ഡിവൈഎസ്പി ആര്‍ ചന്ദ്രശേഖരപിള്ള നേരത്തേ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ബന്ധുക്കളെയും അധ്യാപകരെയും സുഹൃത്തുക്കളെയും അയല്‍വാസികളെയും ചോദ്യം ചെയ്തു.
ജസ്‌നയുടെ മൊബൈല്‍, ഡയറി എന്നിവ വിശദമായി പരിശോധിച്ചു. പരുന്തുംപാറ വനമേഖലയില്‍ തിരച്ചില്‍ നടത്തി.
മെയ് 3ന് പത്തനംതിട്ട ജില്ലാ പോലിസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിനു രൂപം നല്‍കി. ബംഗളൂരു, തമിഴ്‌നാട് എന്നിവിടങ്ങളില്‍ അന്വേഷണം നടത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജസ്‌നയെ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയെങ്കിലും ഗുണമുണ്ടായില്ല. 300 പേരെ ചോദ്യം ചെയ്തു. 150 പേരുടെ മൊഴികള്‍ രേഖപ്പെടുത്തി. ഒരു ലക്ഷം കോളുകള്‍ പരിശോധിച്ചു. ലക്ഷദ്വീപില്‍ ചിലരെ പെണ്‍കുട്ടി ബന്ധപ്പെട്ടിരുന്നു എന്നതിനാല്‍ കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് സഞ്ചരിച്ചവരുടെ വിവരങ്ങള്‍ ശേഖരിച്ചതായും സത്യവാങ്മൂലത്തില്‍ പറയുന്നു.
Next Story

RELATED STORIES

Share it