ജസ്‌ന ബംഗളൂരു വിമാനത്താവളത്തില്‍ എത്തിയിട്ടില്ലെന്ന് പോലിസ്

പത്തനംതിട്ട: പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ കുന്നത്തുവീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജസ്‌ന മരിയ(20) ബംഗളൂരു വിമാനത്താവളത്തില്‍ എത്തിയിട്ടില്ലെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു.
ജസ്‌നയോടു സാദൃശ്യമുള്ള പെണ്‍കുട്ടി ഇക്കഴിഞ്ഞ ജൂ ണ്‍ അഞ്ചിന് ബംഗളൂരു വിമാനത്താവളത്തില്‍നിന്ന് ഹൈദരാബാദിലേക്ക് സഞ്ചരിച്ചതായി പോലിസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പത്തനംതിട്ടയില്‍നിന്നുള്ള അന്വേഷണസംഘം കെംപെഗൗഡ വിമാനത്താവളത്തില്‍ ഇന്നലെ പരിശോധന നടത്തി. ആഭ്യന്തര സര്‍വീസ് വിഭാഗത്തില്‍ നിന്ന് ജൂണ്‍ അഞ്ചിലെ യാത്രക്കാരുടെ വിവരങ്ങളും റെക്കോര്‍ഡ് ചെയ്യപ്പെട്ട ദൃശ്യങ്ങളും എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പരിശോധിച്ചു. പ്രാഥമിക പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ലെന്ന് എസ്‌ഐ ദിനേശ് പറഞ്ഞു.
അന്വേഷണസംഘം രണ്ടുദിവസം കൂടി ബംഗളൂരുവില്‍ തങ്ങും. മാര്‍ച്ച് 22ന് രാവിലെ 9.30നാണ് കാഞ്ഞിരപ്പള്ളി സെയിന്റ് ഡോമിനിക് കോളജിലെ ബികോം വിദ്യാര്‍ഥിനിയായ ജസ്‌നയെ ദുരൂഹസാഹചര്യത്തി ല്‍ കാണാതായത്.
രാവിലെ കാഞ്ഞിരപ്പള്ളിയിലെ പിതൃസഹോദരിയുടെ വീട്ടിലേക്കെന്നു പറഞ്ഞ് പോയതായിരുന്നു. എരുമേലിയില്‍ എത്തുന്നതുവരെ ജസ്‌നയെ കണ്ടവരുണ്ട്. പിന്നീട് പെണ്‍കുട്ടിയെ ആരും കണ്ടിട്ടില്ല. മടങ്ങി എത്താത്തതിനെ തുടര്‍ന്ന് ആദ്യം വീട്ടുകാര്‍ എരുമേലി പോലിസിലും പിന്നീട് വെച്ചൂച്ചിറ പോലിസ് സ്റ്റേഷനിലും പരാതി നല്‍കി. നേരത്തെ ചില സൂചനകളുടെ അടിസ്ഥാനത്തില്‍ കേരള പോലിസ് ബംഗളൂരുവിലെത്തി മടിവാളയിലെ ആശ്വാസ് ഭവനിലും നിംഹാന്‍സിലും പരിശോധന നടത്തിയിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. ഇതിനകം ഒരുലക്ഷത്തോളം ഫോണ്‍കോളുകള്‍ പരിശോധിക്കുകയും വിവിധ ഇടങ്ങളില്‍ പരിശോധന നടത്തുകയും ചെയ്തിട്ടുണ്ട്. അതേസമയം, മുണ്ടക്കയത്ത് വസ്ത്രവ്യാപാര ശാലയുടെ നിരീക്ഷണ കാമറയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളില്‍ കാണുന്നത് ജസ്‌നയാണോ എന്ന കാര്യത്തില്‍ സംശയം തുടരുകയാണ്. ഈ ദൃശ്യം പോലിസ് പുറത്തുവിട്ടെങ്കിലും ഇത് താനാണെന്ന അവകാശവാദവുമായി ആരും രംഗത്തുവന്നിട്ടില്ല. ഇതാണ് പോലിസിന് പ്രതീക്ഷ പകരുന്നത്. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ആറംഗ സംഘമാണ് കേസന്വേഷിക്കുന്നത്. ജസ്‌നയെ കണ്ടെത്തുന്നതിനാവശ്യമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പോലിസ് രണ്ടുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍, ജസ്‌നയുടെ തിരോധാനം സംബന്ധിച്ച് യാതൊരു തുമ്പും ലഭിക്കാത്ത സാഹചര്യത്തില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് ബന്ധുക്കള്‍.
Next Story

RELATED STORIES

Share it