Flash News

ജസ്‌നയെ കുറിച്ച് പത്ത് ദിവസത്തിനകം തുമ്പുണ്ടാക്കുമെന്ന് അന്വേഷണ സംഘം

ജസ്‌നയെ കുറിച്ച് പത്ത് ദിവസത്തിനകം തുമ്പുണ്ടാക്കുമെന്ന് അന്വേഷണ സംഘം
X


പത്തനംതിട്ട: കോട്ടയം ജില്ലയിലെ മുക്കൂട്ടുതറയില്‍നിന്നു കാണാതായ, കാഞ്ഞിരപ്പള്ളി എസ്.ഡി. കോളജ് വിദ്യാര്‍ഥിനി ജെസ്‌ന മരിയ ജെയിംസിനെ 10 ദിവസത്തിനുള്ളില്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയില്‍ അന്വേഷണസംഘം. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ലഭിച്ച വിവരങ്ങള്‍ ശരിയാണെങ്കില്‍ തിരോധാനക്കേസിന്റെ ചുരുളഴിയാന്‍ അധികം  വൈകില്ല. ജെസ്‌ന ഉപയോഗിച്ചിരുന്ന രണ്ടാമത്തെ സ്മാര്‍ട് ഫോണ്‍ എവിടെയെന്ന നിര്‍ണായക അന്വേഷണത്തിലാണിപ്പോള്‍ പൊലീസ്. വീട്ടുകാര്‍ക്കും സഹപാഠികള്‍ക്കും മുന്നില്‍ ജെസ്‌ന ഉപയോഗിച്ചിരുന്നതു കീ പാഡുള്ള ബേസിക് മോഡല്‍ ഫോണാണ്. അതില്‍നിന്നാണ് സഹപാഠിയായ യുവാവിനെ ഉള്‍പ്പെടെ വിളിച്ചിരുന്നതും സന്ദേശങ്ങള്‍ അയച്ചിരുന്നതും.

ഈ സാധാരണ ഫോണ്‍ മാത്രമാണു ജെസ്‌നയ്ക്ക് ഉണ്ടായിരുന്നതെന്നാണ്  എല്ലാവരും കരുതിയിരുന്നത്. ഇതില്‍നിന്നു പലര്‍ക്കും അര്‍ധരാത്രിയില്‍വരെ സന്ദേശങ്ങള്‍ പോയിരുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. അന്വേഷണസംഘത്തില്‍ സൈബര്‍ സെല്ലിനെയും ഉള്‍പ്പെടുത്തിയശേഷമാണു കേസില്‍ പുരോഗതിയുണ്ടായത്. ജെസ്‌ന രണ്ടാമതൊരു ഫോണ്‍ രഹസ്യമായി ഉപയോഗിച്ചിരുന്നെന്ന സംശയത്തിലായിരുന്നു അന്വേഷണം. ഇതിന്റെ ഭാഗമായി ജെസ്‌നയെ കാണാതായ മാര്‍ച്ച് 22ന് ആറുമാസം മുമ്പുമുതലുള്ള ടവര്‍ ലൊക്കേഷനുകള്‍ പരിശോധിച്ചു.
മുക്കൂട്ടുതറ, എരുമേലി, കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം, റാന്നി, മുണ്ടക്കയം, പുഞ്ചവയല്‍, കുട്ടിക്കാനം മേഖലകളിലെ ടവര്‍ സിഗ്‌നലുകളാണു പരിശോധിച്ചത്. എന്നാല്‍, ശബരിമല തീര്‍ഥാടനകാലമായിരുന്നതിനാല്‍ വിളികളുടെ ആധിക്യമുണ്ടായിരുന്നതു സൈബര്‍ സെല്ലിനെ വലച്ചു. ജെസ്‌ന പതിവായി സഞ്ചരിച്ചിരുന്ന വഴികളിലെ മൊബൈല്‍ ടവര്‍ സിഗ്‌നലുകളെല്ലാം ശേഖരിച്ചു. ലക്ഷക്കണക്കിനു  നമ്പരുകള്‍ പരിശോധിച്ച്, 6000 എണ്ണത്തിന്റെ ചുരുക്കപ്പട്ടികയുണ്ടാക്കി. ഇവയില്‍നിന്നുള്ള പരസ്പരവിളികളുടെ സൂക്ഷ്മപരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്. ഇതു പൂര്‍ത്തിയാകുന്നതോടെ ഫോണ്‍ നമ്പരുകളുടെ എണ്ണം പത്തില്‍ താഴെയാകും. ഇവ കേന്ദ്രീകരിച്ചാകും അന്തിമാന്വേഷണം.

ഇതിലൊന്ന് ജെസ്‌ന രഹസ്യമായി ഉപയോഗിച്ച സ്മാര്‍ട്ട് ഫോണും മറ്റുള്ളവ തിരോധാനവുമായി ബന്ധമുള്ളവരുടേതുമാണ്. ജെസ്‌നയ്ക്കു മറ്റൊരു  ഫോണില്ലെന്നാണു വീട്ടുകാരും സഹപാഠികളും ഉറപ്പിച്ചുപറഞ്ഞിരുന്നത്. എന്നാല്‍, ജെസ്‌ന പരസ്യമായി ഉപയോഗിച്ചിരുന്ന ഫോണിലെ സന്ദേശങ്ങളില്‍നിന്നാണു മറ്റൊന്നുകൂടി ഉണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്.

ജെസ്‌ന സ്വമേധയാ ഇറങ്ങിപ്പോയതാണെന്ന്  അന്വേഷണസംഘം ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്. അതു പരപ്രേരണയാലാണെങ്കില്‍ അവള്‍ ജീവിച്ചിരിപ്പുണ്ടാകാം. മുണ്ടക്കയം ബസ് സ്റ്റാന്‍ഡിലെ സി.സി. ടിവി ദൃശ്യങ്ങളില്‍ കണ്ട പെണ്‍കുട്ടി ജെസ്‌നയാണെന്ന വിശ്വാസത്തിലാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. 10 ദിവസത്തിനകം ജെസ്‌നയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കേസ്‌ ്രൈകംബ്രാഞ്ചിനു കൈമാറുമെന്നാണു സൂചന.
Next Story

RELATED STORIES

Share it