Flash News

ജസ്‌നയുടെ തിരോധാനം: സുഹൃത്തിനെ നുണപരിശോധനയ്ക്ക് വിധേയമാക്കും

പത്തനംതിട്ട: ജസ്‌നയുടെ തിരോധാനത്തില്‍ തെളിവുകള്‍ക്കായി നുണപരിശോധന നടത്താന്‍ അന്വേഷണസംഘത്തിന്റെ നീക്കം. ജസ്‌നയുടെ സുഹൃത്തിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം. ഈ സുഹൃത്ത് ഒരു വര്‍ഷത്തിനിടെ ജസ്‌നയുമായി ആയിരത്തിലേറെ തവണ ഫോണില്‍ സംസാരിച്ചതായി കണ്ടെത്തിയതോടെയാണ് നിര്‍ണായക നീക്കം. ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ടു ലഭിക്കുന്ന എല്ലാ വിവരങ്ങളും പരിശോധിക്കുന്നതായി പത്തനംതിട്ട എസ്പി ടി നാരായണന്‍ പറഞ്ഞു. ചോദ്യം ചെയ്യലില്‍ നിന്ന് ആരെയും ഒഴിവാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ജസ്‌നയുടെ കേസുമായി ബന്ധപ്പട്ട് രാഷ്ട്രീയ നേതാക്കള്‍ മിതത്വം പാലിക്കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചു. നേതാക്കളുടെ പ്രസ്താവനകള്‍ക്കെതിരേയാണ് ഹൈക്കോടതി ഇടപെടല്‍. ജസ്‌നയ്ക്കായി അന്വേഷണം തുടരുകയാണെന്നു സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ജസ്‌ന മരിയ ജയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ടു രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ കുടുംബത്തെ മോശമായി ചിത്രീകരിക്കുകയാണെന്നു ജസ്‌നയുടെ സഹോദരി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. അടിസ്ഥാനരഹിതമായ അപവാദങ്ങള്‍ ഉന്നയിച്ച് കേസ് അന്വേഷണം വഴിതിരിച്ചുവിടരുതെന്നും സഹോദരി ജെഫി പറഞ്ഞിരുന്നു.
മുക്കൂട്ടുതറയില്‍ നിന്നു ദുരൂഹ സാഹചര്യത്തില്‍ ജസ്‌നയെ കാണാതായിട്ട് രണ്ടരമാസം പിന്നിടുമ്പോഴും ഒരു വിവരവും പോലിസിന് കണ്ടെത്താനായിട്ടില്ല. അതിനിടെ, ജസ്‌ന ചെന്നൈയില്‍ എത്തിയിരുന്നെന്ന സൂചന കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കാണാതായി മൂന്നാംദിവസം മാര്‍ച്ച് 26ന് അയനാപുരത്ത് ജസ്‌നയെ കണ്ടതായി പോലിസിനെ അറിയിച്ചെങ്കിലും അന്വേഷിച്ചില്ലെന്നു ദൃക്‌സാക്ഷികള്‍ പറയുന്നു.
അയനാപുരം വെള്ളല സ്ട്രീറ്റിലെ കടയില്‍ നിന്നു ജസ്‌ന ഫോണ്‍ ചെയ്‌തെന്ന് കടയുടമയും സമീപവാസിയായ മലയാളിയുമാണ് സാക്ഷ്യപ്പെടുത്തിയത്. മാര്‍ച്ച് 27നാണ് എരുമേലി പോലിസില്‍ ഇക്കാര്യം അറിയിച്ചത്. ചെന്നൈയില്‍ പോയി അന്വേഷണം നടത്താതിരുന്ന പോലിസ് ഗുരുതര വീഴ്ചയാണ് നടത്തിയതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍, ജസ്‌ന ചെന്നൈയില്‍ എത്തിയിരുന്നെന്ന സൂചനയെത്തുടര്‍ന്ന് ആ വിവരങ്ങള്‍ പരിശോധിച്ചിരുന്നുവെന്നും സ്ഥിരീകരണം ഉണ്ടാവാത്തതിനാല്‍ തുടരന്വേഷണം ഉണ്ടായില്ലെന്നും പോലിസ് പറയുന്നു.
Next Story

RELATED STORIES

Share it