ജസ്‌നയുടെ തിരോധാനം: സമരം നാലാംദിനം പിന്നിട്ടു; അന്വേഷണത്തില്‍ അപാകതയില്ലെന്ന് പിതാവ്

കോട്ടയം: മുക്കൂട്ടുതറയില്‍ നിന്നു ദുരൂഹ സാഹചര്യത്തില്‍ കാണാതായ രണ്ടാം ബിരുദ വിദ്യാര്‍ഥിനി ജസ്‌ന മരിയയുടെ തിരോധാനം സംബന്ധിച്ച അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് പടിക്കല്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജസ്‌നയുടെ പിതാവ് സമരപ്പന്തല്‍ സന്ദര്‍ശിച്ചു.
നിലവിലെ അന്വേഷണത്തില്‍ അപാകതകളൊന്നും ചൂണ്ടിക്കാട്ടാനില്ലെന്നു ജസ്‌നയുടെ പിതാവ് ജയിംസ് പറഞ്ഞു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ഇഴച്ചിലുണ്ടായെങ്കിലും പ്രത്യേക അന്വേഷണസംഘം ചുമതലയേറ്റ ശേഷം എല്ലാ സാധ്യതകളും പരിഗണിച്ചുതന്നെയാണ് അന്വേഷണം മുന്നോട്ടുപോവുന്നതെന്ന് ജയിംസ് പറഞ്ഞു.
ജസ്‌നയെ കണ്ടെത്തുന്നവര്‍ക്ക് പോലിസ് പാരിതോഷികം പ്രഖ്യാപിച്ച ശേഷം നിരവധി ഫോണ്‍ കോളുകളും സന്ദേശങ്ങളും മറ്റും എത്തുന്നുണ്ട്. ലഭിക്കുന്ന എല്ലാ വിവരങ്ങള്‍ സംബന്ധിച്ചും വിശദമായി അന്വേഷണം നടക്കുന്നുണ്ടെന്നും ജയിംസ് പറഞ്ഞു. ബംഗളൂരുവില്‍ ജസ്‌ന എത്തിയിരുന്നുവെന്ന സൂചനകളെ തുടര്‍ന്ന് അവിടെ നേരിട്ടും അന്വേഷണം നടത്തിയിരുന്നു. എന്നാല്‍, അത് അടിസ്ഥാനരഹിതമായ പ്രചാരണമായിരുന്നുവെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
ജസ്‌നയുടെ തിരോധാനത്തില്‍ പോലിസിന്റെ ഭാഗത്തുനിന്നുള്ള അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് ജസ്റ്റിസ് ഫോര്‍ ജസ്‌ന എന്ന വാട്‌സ് ആപ്പ് കൂട്ടായ്മ കോട്ടയം കലക്ടറേറ്റിനു മുന്നില്‍ നിരാഹാര സമരം ആരംഭിച്ചത്. വിപിന്‍ വര്‍ഗീസാണ് ഇപ്പോള്‍ നിരാഹാരം അനുഷ്ഠിക്കുന്നത്. സമരം നാലാംദിനം പിന്നിട്ടിരിക്കുകയാണ്.
Next Story

RELATED STORIES

Share it