ജസ്റ്റിസ് ഷംസുദ്ദീനും സാറാ ജോസഫിനും വക്കം മൗലവി പുരസ്‌കാരം

കോഴിക്കോട്: ഈ വര്‍ഷത്തെ വക്കം മൗലവി പുരസ്‌കാരം കേരള ഹൈക്കോടതി മുന്‍ ന്യായാധിപന്‍ ജസ്റ്റിസ് പി കെ ഷംസുദ്ദീനും നോവലിസ്റ്റ് സാറാ ജോസഫിനും. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വക്കം മൗലവി പഠന ഗവേഷണ കേന്ദ്രമാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. യഥാക്രമം സമാധാന പ്രവര്‍ത്തനം, നോവല്‍ സാഹിത്യം എന്നിവ പരിഗണിച്ചാണ് ഇരുവരും അവാര്‍ഡിന് അര്‍ഹരായത്. കാല്‍ലക്ഷം രൂപയും പ്രശസ്തി ഫലകവും ഉള്‍ക്കൊള്ളുന്നതാണ് പുരസ്‌കാരം. അടുത്തമാസം കോഴിക്കോട്ട് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് പഠനകേന്ദ്രം ചെയര്‍മാന്‍ മുജീബ് റഹ്മാന്‍ കിനാലൂര്‍, ജനറല്‍ സെക്രട്ടറി ഗഫൂര്‍ തിക്കോടി എന്നിവര്‍ അറിയിച്ചു.
ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ഷംസുദ്ദീന്‍ മനുഷ്യാവകാശ, സമാധാന പ്രവര്‍ത്തനങ്ങളില്‍ നിരന്തരം ഇടപെടുന്ന സാമൂഹികപ്രവര്‍ത്തകനാണ്. മതസൗഹാര്‍ദം നിലനിര്‍ത്താനും സമാധാനം ഉറപ്പാക്കുന്നതിനും അതുല്യ സംഭാവനകളാണ് ജസ്റ്റിസ് ഷംസുദ്ദീന്‍ നല്‍കിവരുന്നതെന്ന് പുരസ്‌കാര സമിതി വിലയിരുത്തി. ഇപ്പോള്‍ ഇന്റര്‍നാഷനല്‍ ഇന്റര്‍ഫെയ്ത്ത് ഡയലോഗ് ഇന്ത്യയുടെ ചെയര്‍മാനാണ് ജസ്റ്റിസ് ഷംസുദ്ദീന്‍.
അരികുവല്‍ക്കരിക്കപ്പെട്ടവരും ആട്ടിയകറ്റപ്പെട്ടവരുമായ ജനതയുടെ വിമോചനം ഉയര്‍ത്തിപ്പിടിക്കുന്ന രചനകളാണ് സാറാ ജോസഫിന്റേതെന്ന് പുരസ്‌കാര സമിതി അഭിപ്രായപ്പെട്ടു.

Next Story

RELATED STORIES

Share it