ജസ്റ്റിസ് ശിവരാജന്റെ നിയമനം കമ്മീഷന്‍ റിപോര്‍ട്ടിനെ സ്വാധീനിക്കാനെന്ന്

തിരുവനന്തപുരം: സര്‍ക്കാരിനെ പിടിച്ചുലച്ച സോളാര്‍ കേസിലെ അന്വേഷണ കമ്മീഷന്‍ ജി ശിവരാജനെ സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ ചെയര്‍മാനായി വീണ്ടും നിയമിച്ച നടപടി ചട്ടങ്ങള്‍ പാലിക്കാതെയെന്ന് ആരോപണം. സോളാര്‍ അന്വേഷണ റിപോര്‍ട്ട് നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പു നല്‍കാതെ മാറ്റിവച്ചതിനുള്ള പ്രത്യുപകാരമാണു നിയമനമെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഒരു അന്വേഷണ കമ്മീഷന്‍ ചെയര്‍മാനെന്ന നിലയില്‍ അന്വേഷണം നടക്കുമ്പോള്‍ തന്നെ കനത്ത ശമ്പളം നല്‍കി മറ്റൊരു സര്‍ക്കാര്‍ കമ്മീഷന്റെ തലപ്പത്ത് നിയമിക്കുന്നത് അസാധാരണ സംഭവമാണ്. കഴിഞ്ഞ മന്ത്രിസഭായോഗത്തിലാണ് ജസ്റ്റിസ് ശിവരാജനെ പിന്നാക്ക വിഭാഗ കമ്മീഷനായി നിയമിച്ചത്.
2011ലാണ് പിന്നാക്കവിഭാഗ കമ്മീഷന്റെ ചെയര്‍മാനായി ജി ശിവരാജനെയും കമ്മീഷന്‍ അംഗങ്ങളായി മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി, ജോണ്‍ ബ്രിട്ടോ എന്നിവരെയും തീരുമാനിച്ച് ഉത്തരവ് വന്നത്. മൂന്നുവര്‍ഷമാണ് സാധാരണഗതിയില്‍ കമ്മീഷന്റെ കാലാവധി. ഈ കാലാവധി പൂര്‍ത്തിയാവുന്ന സമയത്ത് പിന്നാക്ക വിഭാഗത്തിലെ ക്രീമിലെയര്‍ നിര്‍ണയിക്കാന്‍ ഹൈക്കോടതി കമ്മീഷനെ ചുമതലപ്പെടുത്തി. ഇതേത്തുടര്‍ന്ന് ആറു മാസത്തിലൊരിക്കല്‍ കമ്മീഷന്റെ കാലാവധി നീട്ടിക്കൊണ്ട് കമ്മീഷനെ നിലനിര്‍ത്തി.
ഒടുവില്‍ ഇനിയൊരറിയിപ്പുണ്ടാവുന്നതുവരെ കമ്മീഷനെ നിലനിര്‍ത്തിക്കൊണ്ടുള്ള ഉത്തരവാണു പുറത്തിറങ്ങിയിരുന്നത്. ഇങ്ങനെയിരിക്കെയാണ് ജസ്റ്റിസ് ശിവരാജനെ ചെയര്‍മാനാക്കി സോളാര്‍ അന്വേഷണ കമ്മീഷന്‍ രൂപീകരിച്ചത്. പുതിയ നിയമനത്തോടെ സോളാര്‍ കമ്മീഷന്റെ അന്തിമ ഉത്തരവ് ഏതു വിധത്തിലായിരിക്കുമെന്നതിനെക്കുറിച്ച് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ശിവരാജന്റെ നിയമനത്തെക്കുറിച്ച് സര്‍ക്കാരുമായി ചര്‍ച്ച നടത്തിയത് അഡ്വക്കറ്റ് ജനറലിന്റെ ഓഫിസ് കേന്ദ്രീകരിച്ചാണെന്ന ആക്ഷേപവും ഉയര്‍ന്നുകഴിഞ്ഞു.
Next Story

RELATED STORIES

Share it