Flash News

ജസ്റ്റിസ് ലോയ കേസ:് കോടതിയില്‍ അഭിഭാഷകര്‍ തമ്മില്‍ വാക്ക്തര്‍ക്കം

ന്യൂഡല്‍ഹി: ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന സുഹ്‌റബുദ്ദീന്‍ ശെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന സിബിഐ ജഡ്ജി ബി എച്ച് ലോയയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ അഭിഭാഷകര്‍ തമ്മില്‍ വാക്തര്‍ക്കം. വാക്കേറ്റം രൂക്ഷമായതോടെ, കോടതി നടപടികള്‍ മീന്‍ചന്തയുടെ നിലവാരത്തിലേക്ക് അധപ്പതിക്കരുതെന്ന് ബെഞ്ച് മുന്നറിയിപ്പു നല്‍കി. കേസില്‍ മഹാരാഷ്ട്ര സര്‍ക്കാരിനു വേണ്ടി ഹരീഷ് സാല്‍വെയും പല്ലവ് സിസോദിയയും ഹാജരാവുന്നതിനെ ദുഷ്യന്ത് ദവെ എതിര്‍ത്തതാണു തര്‍ക്കത്തിന് ഇടയാക്കിയത്.  സുഹ്‌റബുദ്ദീന്‍ ശെയ്ഖ് കേസില്‍ അമിത് ഷായ്ക്കു വേണ്ടി ദവെ നേരത്തെ ഹാജരായതിനാല്‍ മഹാരാഷ്ട്ര സര്‍ക്കാരിനു വേണ്ടി ഹാജരാവുന്നതു ശരിയല്ലെന്നാണു ദവെ വാദിച്ചത്. കേസിലെ മുഴുവന്‍ സാക്ഷികളെയും വിസ്തരിക്കാന്‍ അനുമതി നല്‍കണമെന്ന് ഹര്‍ജിക്കാര്‍  ആവശ്യപ്പെട്ടെങ്കിലും കോടതി നിലപാട# വ്യക്തമാക്കിയില്ല. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.  കേസില്‍ സ്വതന്ത്ര നിലപാട് എടുത്തതിനു തനിക്കെതിരേ ബാര്‍ കൗണ്‍സില്‍ നോട്ടീസ് അയച്ചുവെന്നു ദുഷ്യന്ത് ദവെ കോടതിയെ അറിയിച്ചു. മുംബൈ സിബിഐ പ്രത്യേക കോടതി ജഡ്ജിയായിരുന്ന ബി എച്ച് ലോയ 2014 ഡിസംബര്‍ ഒന്നിനാണു നാഗ്പൂരില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. എന്നാല്‍ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോലിസിന്റെ വാദം. അമിത്ഷാ കോടതിയില്‍ നേരിട്ട് ഹാജരാവണമെന്ന് ഉത്തരവിട്ടതിനു പിന്നാലെയാണു ജഡ്ജിയെ നാഗ്പൂരിലെ ഗസ്റ്റ് ഹൗസില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ലോയയുടെ സഹോദരി അടുത്തിടെ നടത്തിയ വെളിപ്പെടുത്തലാണു ഇദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചുള്ള ദുരൂഹത വര്‍ധിപ്പിച്ചത്. കേസില്‍ അമിത് ഷായ്ക്ക് അനുകൂലമായി വിധി പ്രസ്താവിക്കാന്‍ ലോയക്ക് മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ് 100 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്നാണു സഹോദരി അനുരാധ ബിയാനി വെളിപ്പെടുത്തിയിരുന്നത്. ഇതേത്തുടര്‍ന്നാണ് മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയിലും ബോംബൈ ഹൈക്കോടതിയിലും പൊതുതാല്‍പര്യ ഹരജികള്‍ ഫയല്‍ ചെയ്യപ്പെട്ടത്.
Next Story

RELATED STORIES

Share it