ജസ്റ്റിസ് ലോയ കേസിലെ സുപ്രിംകോടതി വിധിക്കെതിരേ പ്രശാന്ത് ഭൂഷണ്‍; വിധി ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ

ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടേത് സ്വാഭാവിക മരണമാണെന്ന സുപ്രിംകോടതി വിധിക്കെതിരേ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെയാണ് കോടതി വിധി പുറപ്പെടുവിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സംശയങ്ങള്‍ ഉന്നയിച്ചതിന് തങ്ങളെ കോടതി കുറ്റപ്പെടുത്തിയെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
സുപ്രിംകോടതിയുടെ ചരിത്രത്തിലെ കറുത്ത ദിനമായിരുന്നു ഇന്നലെ. സുപ്രിംകോടതിയുടെ വിധിന്യായം വളരെ ദൗര്‍ഭാഗ്യകരമാണ്. ലോയയുടെ മരണസമയത്ത് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന നാലു കീഴ്‌കോടതി ജഡ്ജിമാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം സുപ്രിംകോടതി വിധി പ്രഖ്യാപിച്ചതിനെ അദ്ദേഹം ചോദ്യം ചെയ്തു. ഈ നാല് ജഡ്ജിമാരും അവരുടെ സത്യവാങ്മൂലത്തില്‍ ഒപ്പുവച്ചിട്ടില്ലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോയയുടെ ദുരൂഹ മരണം സംബന്ധിച്ച് നല്‍കിയ റിട്ട് ഹരജികള്‍ തള്ളിക്കൊണ്ടുള്ള വിധിയില്‍ കേസില്‍ ഹാജരായ വാദിഭാഗം അഭിഭാഷകര്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനമാണ് സുപ്രിംകോടതി ഉന്നയിച്ചത്.
ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും ദുഃഖകരമായ ദിവസമാണ് ഇതെന്നും പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാതെയാണ് കോടതി വിധി പുറപ്പെടുവിച്ചതെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പ്രതികരിച്ചു. സമ്പൂര്‍ണ വിധിപ്പകര്‍പ്പിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കൃത്യമായ കാരണങ്ങളില്ലാതെയാണ് കോടതി ഹരജികള്‍ തള്ളിയെങ്കില്‍ അത് കൂടുതല്‍ ചോദ്യങ്ങളുയര്‍ത്തുമെന്നു കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിങ്‌വി പറഞ്ഞു.
കോടതി വിധിക്കെതിരേ പുനപ്പരിശോധനാ ഹരജി നല്‍കുമെന്ന് മുംബൈ ലോയേഴ്‌സ് അസോസിയേഷന്‍  അറിയിച്ചു. ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് തങ്ങള്‍ പുറത്തുവിട്ട 22 റിപോര്‍ട്ടിലും ഉറച്ച് നില്‍ക്കുകയാണെന്നും വിഷയത്തില്‍ ഇനിയും മാധ്യമപ്രവര്‍ത്തനത്തിലൂടെ ഇടപെട്ട് കൊണ്ടിരിക്കുമെന്നും “ദി കാരവന്‍ മാഗസിന്‍’ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വിനോദ് കെ ജോസ് പറഞ്ഞു. വിധിയിലെ പ്രധാനപ്പെട്ട വിവരങ്ങള്‍ പുറത്തു വരുന്നത് വരെ കാത്തിരിക്കും. പക്ഷേ കാരവന്‍ മാഗസിന്‍ തങ്ങളുടെ 22 റിപോര്‍ട്ടിലും ഉറച്ച് നില്‍ക്കുകയാണ്. ലോയ കേസിലെ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ കണ്ടെത്താനായി തങ്ങള്‍ മാധ്യമപ്രവര്‍ത്തനത്തിലൂടെ പരിശ്രമിച്ച് കൊണ്ടേയിരിക്കുമെന്നും വിനോദ് കെ ജോസ് പറഞ്ഞു. ഹരജികള്‍ തള്ളിയ സുപ്രിംകോടതി വിധിയില്‍ ബിജെപി സംതൃപ്തി പ്രകടിപ്പിച്ചു.
Next Story

RELATED STORIES

Share it