Flash News

ജസ്റ്റിസ് ലോയയുടെ മരണം: സുപ്രീംകോടതി ഉത്തരവ് പുനപരിശോധിക്കണമെന്ന് ലോയേഴ്‌സ് അസോസിയേഷന്‍

ജസ്റ്റിസ് ലോയയുടെ മരണം: സുപ്രീംകോടതി ഉത്തരവ് പുനപരിശോധിക്കണമെന്ന് ലോയേഴ്‌സ് അസോസിയേഷന്‍
X


ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണത്തെക്കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കണമെന്ന ആവശ്യം നിരാകരിച്ച സുപ്രീംകോടതിയുടെ ഉത്തരവ് പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് ബോംബൈ ലോയേഴ്‌സ് അസോസിയേഷന്‍ സുപ്രീംകോടതിയില്‍ പുനപരിശോധനാ ഹരജി നല്‍കി. ഏപ്രില്‍ 19ലെ സുപ്രീംകോടതി വിധി പുനപരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് അസോസിയേഷന്‍ ഹരജി നല്‍കിയിരിക്കുന്നത്. ജസ്റ്റീസ് ലോയയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നാണ് ഹരജിയിലെ ആവശ്യം.
ഇതു സംബന്ധിച്ച സുപ്രീംകോടതിയുടെ മുന്‍ ഉത്തരവ് റദ്ദാക്കണം. ജസ്റ്റിസ് ലോയ കേസില്‍ സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങള്‍ മാറാതിരുന്നാല്‍ ഭാവിയില്‍ സുപ്രീംകോടതിയുടെ പ്രതിച്ഛായക്കു തന്നെ മങ്ങലേല്‍ക്കുമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനു നേരെയുള്ള ആക്രമണവും ജുഡീഷ്യല്‍ സ്ഥാപനങ്ങളുടെ വിശ്വാസ്യത കുറയ്ക്കാനുള്ള ശ്രമങ്ങളും ഈ കേസിന്റെ വാദത്തിനിടെ വെളിപ്പെട്ടുവെന്നുമുള്ള കോടതിയുടെ പരാമര്‍ശങ്ങള്‍ നീക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
ജസ്റ്റീസ് ലോയയുടെ മരണം സംബന്ധിച്ചു സ്വതന്ത്ര അന്വേഷണം നടന്ന് അദ്ദേഹത്തിന്റേത് സ്വാഭാവിക മരണമാണെന്നു കണ്ടെത്തിയാല്‍ ഈ വിഷയം സംബന്ധിച്ചുള്ള എല്ലാ ദൂരൂഹതകളും അതോടെ അവസാനിക്കും. അതോടൊപ്പം തന്നെ വെല്ലുവിളികളുടെ കാലത്ത് ജനങ്ങള്‍ ജുഡീഷ്യറിക്കൊപ്പം നില്‍ക്കുമെന്ന ശക്തമായ സന്ദേശവും അത് രാജ്യത്തിന് നല്‍കും. മറിച്ച്, ജസ്റ്റിസ് ലോയയുടെ മരണത്തില്‍ അസ്വഭാവികത ഉണ്ടെന്നാണു കണ്ടെത്തുന്നതെങ്കില്‍ അത് കോടതിയുടെ സ്വാതന്ത്ര്യത്തിനും നിക്ഷ്പക്ഷതയ്ക്കും തിളക്കം കൂട്ടുമെന്നും ഹരജിയില്‍ പറയുന്നു.
എന്നാല്‍, വിഷയത്തെ വിവാദമാക്കാനോ സുപ്രീംകോടതിയുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാനോ വിശ്വാസ്യത ചോദ്യം ചെയ്യാനോ അല്ല പുതിയ പരാതി എന്നും പുനപരിശോധന ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജിയില്‍ ലോയേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കുന്നുണ്ട്.
ജസ്റ്റിസ് ലോയയുടെ മരണത്തെക്കുറിച്ച് പ്രത്യേക സംഘം സ്വതന്ത്ര അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച വിവിധ ഹരജികള്‍ തള്ളിക്കൊണ്ടാണ് ഏപ്രില്‍ 19ന് സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. ജസ്റ്റിസ് ലോയയുടേത് സാധാരണ മരണമാണെന്നായിരുന്നു ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വിധിച്ചിരുന്നത്. വീണ്ടും ഒരന്വേഷണം നടത്താന്‍ മാത്രം സംശയകരമായി ഒന്നുമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് തെഹ്‌സീന്‍ പൂനേവാല, ബാന്ധുരാജ് ലോണേ എന്നിവരടക്കമുള്ളവര്‍ നല്‍കിയ വ്യത്യസ്ത ഹരജികള്‍ തള്ളികൊണ്ടാണ് സുപ്രീംകോടതി വിധിപുറപ്പെടുവിച്ചത്.
Next Story

RELATED STORIES

Share it