ജസ്റ്റിസ് കെ എം ജോസഫിന്റെ നിയമനം തടയുന്നത് കേന്ദ്രസര്‍ക്കാര്‍: ജസ്റ്റിസ് ഷാ

ന്യൂഡല്‍ഹി: മലയാളിയായ ജസ്റ്റിസ് കെ എം ജോസഫിന്റെ നിയമനത്തിനു തടസ്സം നില്‍ക്കുന്നത് കേന്ദ്രസര്‍ക്കാരാണെന്നു ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എ പി ഷാ. സുപ്രിംകോടതിയിലേക്കു കൊളീജിയം ശുപാര്‍ശ ചെയ്തതില്‍ ഏറ്റവും അനുയോജ്യമായ പേരായിരുന്നു ജസ്റ്റിസ് ജോസഫിന്റേത്.
എന്നാല്‍, നിലവില്‍ നിയമനം സംബന്ധിച്ചു വിവാദങ്ങള്‍ ഉയര്‍ന്നതിനാല്‍ ജഡ്ജിമാരുടെ നിയമനത്തിനു—ള്ള മെമ്മോറാണ്ടം ഓഫ് പ്രൊസീജ്യര്‍ (എംഒപി) ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കു മുന്നില്‍ വെല്ലുവിളിയാവുമെന്നും അദ്ദേഹം പറഞ്ഞു. ബി ജി വര്‍ഗീസ് അനുസ്മരണ യോഗത്തില്‍ ചീഫ് ജസ്റ്റിസ് സമന്‍മാരില്‍ ഒന്നാമന്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജുഡീഷ്യറിയില്‍ അടിയന്തര നവീകരണം അനിവാര്യമാണ്. ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയം സംവിധാനം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജഡ്ജിമാര്‍ തന്നെ സ്വയം നിയമന നടപടികള്‍ തീരുമാനിക്കുന്ന ഈ സംവിധാനം അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണ്. സുപ്രിംകോടതിയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കേസുകള്‍ വീതംവച്ചു നല്‍കുന്നതില്‍ കൂടുതല്‍ സുതാര്യത ഉറപ്പുവരുത്താനുള്ള അവസരം കൂടിയാണിതെന്നും ജസ്റ്റിസ് ഷാ പറഞ്ഞു.
ഈ വിഷയത്തില്‍ ചീഫ് ജസ്റ്റിസിനു മാത്രം പരമാധികാരം എന്ന നിലയില്‍ മാറ്റം വരുത്തി കൂടിയാലോചനകളിലൂടെ കേസുകള്‍ വീതംവയ്ക്കുന്ന സംവിധാനം വേണം. ജസ്റ്റിസ് ദീപക് മിശ്ര നിലവിലെ സംവിധാനത്തില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ അടുത്ത ചീഫ് ജസ്റ്റിസാവുന്ന രഞ്ജന്‍ ഗൊഗോയി ഈ മാറ്റങ്ങള്‍ നടപ്പില്‍ വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it