Flash News

ജസ്റ്റിസ് കെ എം ജോസഫിന്റെ നിയമനത്തിന് അനുകൂലമായി കൊളീജിയംതീരുമാനമായില്ല

സിദ്ദീഖ്  കാപ്പന്‍
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രിംകോടതി ജഡ്ജിയായി നിയമിക്കുന്ന വിഷയത്തില്‍ സുപ്രിംകോടതി കൊളീജിയം തീരുമാനം മാറ്റിവച്ചു. കൊളീജിയത്തിന്റെ ശുപാര്‍ശ തള്ളിയ കേന്ദ്രസര്‍ക്കാര്‍ നടപടി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കൊളീജിയം യോഗം തീരുമാനമാവാതെ പിരിഞ്ഞു.
ജസ്റ്റിസ് കെ എം ജോസഫിനെ ജഡ്ജിയായി നിയമിക്കാന്‍ വീണ്ടും ശുപാര്‍ശ ചെയ്യുന്ന കാര്യം യോഗത്തില്‍ ചര്‍ച്ച ചെയ്‌തെങ്കിലും വിഷയത്തില്‍ അഭിപ്രായ ഏകീകരണമില്ലാത്ത സാഹചര്യത്തില്‍ തീരുമാനമെടുക്കുന്നത് മാറ്റിവച്ചതായാണ് സൂചന.  അതേ സമയം, നിയമനകാര്യത്തില്‍ കൊളീജിയം ഉറച്ചുനില്‍ക്കുന്നതായി ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപോര്‍ട്ട് ചെയ്തു. സര്‍ക്കാരിന് വിശദമായ മറുപടി നല്‍കാന്‍ തീരുമാനിച്ചതായും റിപോര്‍ട്ടില്‍ പറയുന്നു. സുപ്രിംകോടതിയില്‍ കേരള ഹൈക്കോടതിയുടെ പ്രാതിനിധ്യം വര്‍ധിക്കുമെന്നും കെ എം ജോസഫിനേക്കാള്‍ മുതിര്‍ന്ന 11 ജഡ്ജിമാര്‍ വേറെയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം കൊളീജിയത്തിന്റെ ശുപാര്‍ശ മടക്കിയിരുന്നത്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയില്‍ ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് യോഗം ചേര്‍ന്നത്. വൈകീട്ട് 4.10ന് ചേര്‍ന്ന കൊളീജിയം 4.50 വരെ നീണ്ടു. ശുപാര്‍ശ തള്ളിക്കൊണ്ടുള്ള നിയമമന്ത്രാലയത്തിന്റെ കത്ത് യോഗം ചര്‍ച്ച ചെയ്തു. ജസ്റ്റിസ് ചെലമേശ്വര്‍ ഇന്നലെ കോടതിയില്‍ അവധിയായിരുന്നെങ്കിലും യോഗത്തില്‍ പങ്കെടുത്തു.
നേരത്തേ കൊളീജിയം ഏകകണ്ഠമായാണ് ജസ്റ്റിസ് കെ എം ജോസഫിന്റെയും ഇന്ദു മല്‍ഹോത്രയുടെയും പേരുകള്‍ ശുപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍, ഇതിനുശേഷം കൊളീജിയത്തിലെ മറ്റു നാല് മുതിര്‍ന്ന ജഡ്ജിമാരും ചീഫ് ജസ്റ്റിസിനെതിരേ ചില ആരോപണങ്ങള്‍ ഉയര്‍ത്തി രംഗത്തെത്തിയിരുന്നു.
കൊളീജിയം അടുത്തയാഴ്ച വീണ്ടും യോഗം ചേരുമെന്നാണ് അറിയുന്നത്. ജസ്റ്റിസ് കെ എം ജോസഫിന് പുറമെ മൂന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ സുപ്രിംകോടതി ജഡ്ജിമാരാക്കുന്ന കാര്യം കൊളീജിയം ചര്‍ച്ച ചെയ്തു. നിലവില്‍ തമിഴ്‌നാട് ഹൈക്കോടതി ചീഫ് ജസ്റ്റിസായ ഇന്ദിര ബാനര്‍ജി, കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദിനേശ് മഹേശ്വരി, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി എന്നിവരുടെ പേരുകളാണ് ചര്‍ച്ച ചെയ്തത്. ഇവരുടെ മാതൃ ഹൈക്കോടതികളായ കൊല്‍ക്കത്ത, രാജസ്ഥാന്‍, ആന്ധ്രപ്രദേശ്-തെലങ്കാന എന്നിവയ്ക്ക് പ്രാതിനിധ്യം നല്‍കുന്നതിന്റെ ഭാഗമായാണ് ഈ പേരുകള്‍ പരിഗണിക്കുന്നത്. ഇവരുടെ പേരുകള്‍ക്കൊപ്പം കെ എം ജോസഫിന്റെ പേരും വീണ്ടും ശുപാര്‍ശ ചെയ്യാനാണ് സാധ്യത.
Next Story

RELATED STORIES

Share it