Flash News

ജസ്റ്റിസ് കെ എം ജോസഫിന്റെ നിയമനംസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് മുന്‍ ചീഫ് ജസ്റ്റിസുമാര്‍

ന്യൂഡല്‍ഹി: കൊളീജിയം ശുപാര്‍ശ ചെയ്ത ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രിംകോടതി ജഡ്ജിയായി നിയമിക്കുന്നതിന് തടസ്സം നില്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് കൂടുതല്‍ നിയമവിദഗ്ധര്‍. സുപ്രിംകോടതിയിലെ നാലു മുന്‍ ചീഫ് ജസ്റ്റിസുമാരും നാല് മുന്‍ ജഡ്ജിമാരുമാണ് കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ പരസ്യമായി പ്രതികരിച്ചത്.
കേന്ദ്രസര്‍ക്കാര്‍ ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തിന്റെ ഹൃദയം തകര്‍ക്കുന്നുവെന്നാണ് സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ പറഞ്ഞത്. അഭിഭാഷകയായ ഇന്ദു മല്‍ഹോത്രയെ ജഡ്ജിയായി നിയമിക്കുകയും ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ എം ജോസഫിന്റെ നിയമനത്തെ എതിര്‍ക്കുകയും ചെയ്തത് ഇന്ത്യന്‍ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന്റെ ഹൃദയം തകര്‍ക്കുന്ന നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന് അനുകൂലമല്ല എന്ന കാരണത്താലാണ് കെ എം ജോസഫിന്റെ പേര് തള്ളിയതെന്നു തീര്‍ച്ചയാണ്. ഇത്തരം സാഹചര്യത്തില്‍ ചീഫ് ജസ്റ്റിസ് അടിയന്തരമായി കൊളീജിയം വിളിച്ചുചേര്‍ക്കണം. ശുപാര്‍ശ വീണ്ടും സര്‍ക്കാരിന് മടക്കി അയക്കുകയാണെങ്കില്‍ അത് എത്രയും വേഗം നടക്കണം. അല്ലാതെ, ചീഫ് ജസ്റ്റിസ് ആ ഫയലിന്‍മേല്‍ അടയിരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സംഭവം ഏറെ ആശങ്കയുളവാക്കുന്നതാണെന്ന് മറ്റു രണ്ടു മുന്‍ ചീഫ് ജസ്റ്റിസുമാരും പ്രതികരിച്ചതായി ദേശീയ പത്രം റിപോര്‍ട്ട് ചെയ്തു.
കെ എം ജോസഫിന്റെ പേര് തള്ളിയ കേന്ദ്രസര്‍ക്കാര്‍ നടപടി ദൗര്‍ഭാഗ്യകരമാണെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസായിരുന്ന ടി എസ് താക്കൂര്‍ പറഞ്ഞു. കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ മടക്കിയതില്‍ തെറ്റില്ലെന്ന  ദീപക് മിശ്രയുടെ പരാമര്‍ശം അദ്ഭുതകരമാണെന്ന് ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി എ പി ഷാ പറഞ്ഞു.
Next Story

RELATED STORIES

Share it