ജസ്റ്റിസ് കെ എം ജോസഫിന്റെ നിയമനം: കേന്ദ്ര നടപടിയില്‍ തെറ്റില്ലെന്ന് ചീഫ് ജസ്റ്റിസ്‌

ന്യൂഡല്‍ഹി: ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രിംകോടതി ജഡ്ജിയാക്കാനുള്ള കൊളീജിയത്തിന്റെ ശുപാര്‍ശ തള്ളിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ തെറ്റില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. കെ എം ജോസഫിന്റെ പേര് തള്ളിയ കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ നീക്കത്തിനെതിരേ മുതിര്‍ന്ന വനിതാ അഭിഭാഷക ഇന്ദിരാ ജയ്‌സിങ് സമര്‍പ്പിച്ച 100 അഭിഭാഷകര്‍ ഒപ്പുവച്ച ഹരജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം വ്യക്തമാക്കിയത്.
ജനാധിപത്യം അപകടത്തിലാണെന്നും കൊളീജിയം ശുപാര്‍ശ ചെയ്ത രണ്ടുപേരുടെയും നിയമനം കേന്ദ്രം അംഗീകരിക്കണമെന്നും അല്ലാത്തപക്ഷം ഇന്ദു മല്‍ഹോത്രയെ അധികാരമേല്‍ക്കാന്‍ അനുവദിക്കരുതെന്നുമാണ് ഇന്ദിരാ ജയ്‌സിങ്ങിന്റെ ഹരജിയില്‍ പറയുന്നത്. തന്റെ ഹരജി അടിയന്തരമായി ഇന്ന് പരിഗണിക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഇക്കാര്യം ചീഫ് ജസ്റ്റിസ് ഇന്നലെ തള്ളുകയായിരുന്നു.
ഇന്ദു മല്‍ഹോത്രയുടെ സത്യപ്രതിജ്ഞാ ചടങ്ങ് മുന്‍ നിശ്ചയിച്ച പ്രകാരം ഇന്ന് നടക്കുമെന്നും പ്രസിഡന്റ് രാംനാഥ് കോവിന്ദ് ഒപ്പിട്ട വാറന്റ് ഇനി തിരിച്ചുവിളിക്കാനാവില്ലെന്നും വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് അവരുടെ ആവശ്യം തള്ളിയത്. ഒരു ജഡ്ജി സത്യപ്രതിജ്ഞ ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെടുന്നത് പൂര്‍ണമായും തെറ്റാണ്. ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കുന്നതില്‍ തങ്ങള്‍ക്ക് ആശ്ചര്യമുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. മറ്റൊരു പേര് പരിഗണിക്കണമെന്നു പറഞ്ഞ് സര്‍ക്കാര്‍ ഞങ്ങള്‍ക്ക് അയക്കുകയാണെങ്കില്‍ ഇക്കാര്യം ഞങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചില സമയത്ത് ഹൈക്കോടതികളിലെ ജഡ്ജി നിയമനത്തിനായി 30 പേരുകള്‍ ശുപാര്‍ശ ചെയ്യുമ്പോള്‍ 22 പേരുകള്‍ മാത്രമാണ് സര്‍ക്കാര്‍ അംഗീകരിക്കല്‍, ബാക്കി എട്ടു പേരുകളും തിരിച്ചയക്കും. 30ല്‍ മുപ്പതും അംഗീകരിക്കുകയോ തിരിച്ചയക്കുകയോ ചെയ്യാറില്ല.
അഭിഭാഷകര്‍ക്കിടയില്‍ നിന്ന് ഒരാള്‍ ജഡ്ജിയാവുമ്പോള്‍ ബാറിലെ മറ്റുചിലര്‍ പ്രതിഷേധിക്കുന്നത് ആശ്ചര്യകരമാണെന്ന രീതിയിലാണ് ഇന്ദിരാ ജയ്‌സിങ്ങിന്റെ ഹരജിയെ ചീഫ് ജസ്റ്റിസ് വിശേഷിപ്പിച്ചത്.
Next Story

RELATED STORIES

Share it