Flash News

ജസ്റ്റിസ് കര്‍ണന്‍ വൈദ്യ പരിശോധനയ്ക്ക് വിസമ്മതിച്ചു



കൊല്‍ക്കത്ത: കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി എസ് കര്‍ണന്‍ മാനസികാരോഗ്യ പരിശോധനയ്ക്ക് വിധേയനാവാന്‍ വിസമ്മതിച്ചു. കര്‍ണനെ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു.വൈദ്യ സംഘത്തോട് താന്‍ സാധാരണ നിലയിലാണെന്നും സ്ഥിരതയുള്ള മനസ്സാണ് തന്റേതെന്നും പരിശോധനയ്‌ക്കെത്തിയ വൈദ്യ സംഘത്തോട് കര്‍ണന്‍ പറഞ്ഞു. ഒരു വ്യക്തിയുടെ മനോനില സംബന്ധിച്ച വൈദ്യ പരിശോധനയ്ക്ക് രക്ഷകര്‍ത്താവിന്റെ സമ്മതം വേണം. കൊല്‍ക്കത്തയില്‍ തന്റെ രക്ഷകര്‍ത്താക്കള്‍ ആരുമില്ലെന്നും അദ്ദേഹം അറിയിച്ചു. സര്‍ക്കാരിന്റെ കീഴിലുള്ള കൊല്‍ക്കത്തയിലെ പാവ്‌ലോവ് മാനസികാരോഗ്യ കേന്ദ്രത്തിലെ നാല് ഡോക്ടര്‍മാര്‍ 20 അംഗ പോലിസ് സംഘത്തോടൊപ്പമാണ് കോടതി ഉത്തരവ് നടപ്പാക്കുന്നതിലേക്കായി ജസ്റ്റിസ് കര്‍ണന്റെ വസതിയിലെത്തിയത്. എന്നാല്‍, തന്റെ മാനസിക നില സാധാരണവും സ്ഥിരവും ആയിരിക്കുന്നിടത്തോളം വൈദ്യ പരിശോധനയ്ക്ക് വിധേയനാവില്ലെന്നും വൈദ്യ സംഘത്തിന് നല്‍കിയ കുറിപ്പില്‍ കര്‍ണന്‍ അറിയിച്ചു. ഇതെ തുടര്‍ന്ന് വൈദ്യസംഘം മടങ്ങി. സുപ്രിംകോടതി ഉത്തരവ് ദലിത് ജഡ്ജിയെന്ന നിലയില്‍ തന്നെ അപമാനിക്കുന്നതാണ്. ഭാര്യയും എന്‍ജിനീയര്‍മാരായ രണ്ട് പുത്രന്‍മാരും മറ്റു സ്ഥലങ്ങളിലാണെന്നും അതിനാല്‍ ഇത്തരമൊരു പരിശോധന നടത്താന്‍ സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.ചീഫ് ജസ്റ്റിസ് ജെ എസ് ഖേഹാര്‍ അധ്യക്ഷനായ ഏഴംഗ സുപ്രിംകോടതി ബെഞ്ചാണ് വൈദ്യ പരിശോധനയ്ക്ക് ഉത്തരവിട്ടിരുന്നത്.
Next Story

RELATED STORIES

Share it