Flash News

ജസ്റ്റിസ് കര്‍ണന്റെ മാപ്പപേക്ഷ തള്ളി



ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ ആറുമാസത്തെ തടവിനു ശിക്ഷിച്ച കല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്‍ണന്റെ മാപ്പപേക്ഷ സുപ്രിംകോടതി തള്ളി. കര്‍ണന്‍ നിരുപാധികം മാപ്പുപറയാന്‍ തയ്യാറാണെന്ന് ഇന്നലെ ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ അധ്യക്ഷനായ ബെഞ്ച് മുമ്പാകെ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിക്കുകയായിരുന്നു. എന്നാല്‍, മാപ്പപേക്ഷ സ്വീകരിക്കാന്‍ കോടതി തയ്യാറായില്ല. അതേസമയം, ശിക്ഷയില്‍നിന്ന് ഒഴിവാക്കിത്തരണമെന്ന കര്‍ണന്റെ അപേക്ഷയില്‍ വാദം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കര്‍ണനെ ഈ മാസം ഒമ്പതിനാണ് ആറുമാസം തടവിനു ശിക്ഷിച്ചത്. തടവിനു ശിക്ഷിച്ചെങ്കിലും മാപ്പു പറയാനുള്ള വകുപ്പ് നിയമത്തിലുണ്ടെന്ന് കര്‍ണന്റെ അഭിഭാഷകന്‍ മാത്യു നെടുമ്പാറ ഇന്നലെ സുപ്രിംകോടതിയെ അറിയിച്ചു. സുപ്രിംകോടതി രജിസ്ട്രി അപേക്ഷ സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം  കോടതിയെ ധരിപ്പിച്ചു. കര്‍ണനു തടവുശിക്ഷ വിധിച്ച നടപടി റദ്ദാക്കി മാപ്പപേക്ഷ സ്വീകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. അപേക്ഷ ഫയല്‍ ചെയ്യാന്‍ നെടുമ്പാറയ്ക്കു നിര്‍ദേശം നല്‍കിയ സുപ്രിംകോടതി, അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജി പിന്നീട് പരിഗണിക്കാമെന്ന് അറിയിച്ചു. വിഷയത്തില്‍ പ്രത്യേക സത്യവാങ്മൂലം സമര്‍പ്പിക്കാനും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. കര്‍ണനുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന ബെഞ്ച് ചേര്‍ന്നാല്‍ മാത്രമേ കേസില്‍ ഉത്തരവു പുറപ്പെടുവിക്കാനാവൂ എന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.  കര്‍ണന്‍ ഏതുനിമിഷവും അറസ്റ്റ് ചെയ്യപ്പെട്ടേക്കാം എന്നതിനാല്‍  കോടതി നടപടികള്‍ വേഗത്തിലാക്കി അദ്ദേഹത്തിന് നീതി ഉറപ്പാക്കണമെന്നും അഭിഭാഷകന്‍ വാദിച്ചു. ഇത് മുത്ത്വലാഖ് വിഷയം പരിഗണിക്കുന്ന ബെഞ്ചാണെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. എന്നാല്‍, ഞാന്‍ ഈ ബെഞ്ചിനോടല്ല, ചീഫ് ജസ്റ്റിസ് എന്ന നിലയില്‍ താങ്കളോടാണ് പറയുന്നതെന്നായിരുന്നു മാത്യു നെടുമ്പാറയുടെ പ്രതികരണം. ഈ മറുപടിയില്‍ ചീഫ് ജസ്റ്റിസ് അതൃപ്തി അറിയിച്ചു. അതേസമയം, മാപ്പപേക്ഷ തള്ളിയതോടെ കര്‍ണന്‍ ഉടന്‍ മദ്രാസ് ഹൈക്കോടതി മുമ്പാകെ കീഴടങ്ങിയേക്കുമെന്ന് റിപോര്‍ട്ടുണ്ട്.
Next Story

RELATED STORIES

Share it