Editorial

ജസ്റ്റിസ് കര്‍ണനെ ജയിലിലടയ്ക്കുമ്പോള്‍



കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായി ഈയിടെ വിരമിച്ച ജസ്റ്റിസ് സി എസ് കര്‍ണന്‍ കോടതിയലക്ഷ്യ കേസില്‍ തടവിലായിരിക്കുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് സര്‍വീസില്‍ നിന്നു പിരിഞ്ഞ ഒരു ജഡ്ജി തടവില്‍ അടയ്ക്കപ്പെടുന്നത്. ജുഡീഷ്യറിയുടെ ഔന്നത്യവും മാന്യതയും മുന്‍നിര്‍ത്തി ഇത്തരമൊരു സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു. ജൂണ്‍ 17നാണ് കര്‍ണന്‍ സര്‍വീസില്‍ നിന്നു പിരിഞ്ഞത്. അതല്ലെങ്കില്‍ തടവില്‍ അടയ്ക്കപ്പെടുന്ന സിറ്റിങ് ജഡ്ജി എന്ന അപമാനം കൂടി പേറേണ്ടിവരുമായിരുന്നു. ദലിതനായ തന്നോട് വിവേചനം കാണിക്കുന്നുവെന്ന പരാതി 2011ല്‍ തന്നെ ദേശീയ പട്ടികജാതി കമ്മീഷനു ജ. കര്‍ണന്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, അതുസംബന്ധമായി കാര്യമായ തുടര്‍നടപടികള്‍ ഉണ്ടായില്ല. ദലിതനായ തന്നെ സഹ ജഡ്ജിമാര്‍ പീഡിപ്പിക്കുന്നുവെന്നു തുടര്‍ന്നും പരസ്യമായി ആരോപണം ഉന്നയിച്ച കര്‍ണനെ ഹൈക്കോടതി ചീഫ്ജസ്റ്റിസിന്റെ അപേക്ഷയനുസരിച്ച് 2016 മാര്‍ച്ച് 11നാണ് ചെന്നൈയില്‍ നിന്നു കൊല്‍ക്കത്ത ഹൈക്കോടതിയിലേക്കു സ്ഥലം മാറ്റിയത്. അഴിമതിയും സ്വജനപക്ഷപാതവും നടത്തുന്ന 20 സുപ്രിംകോടതി ജഡ്ജിമാര്‍ അടക്കമുള്ളവരെക്കുറിച്ച് അദ്ദേഹം പ്രധാനമന്ത്രിക്കു കത്തെഴുതി. ഇതില്‍ രോഷംപൂണ്ടാണ് സ്വമേധയാ എടുത്ത കേസില്‍ സുപ്രിംകോടതിയുടെ  ഏഴംഗ ഭരണഘടനാ ബെഞ്ച് മെയ് 9ന് ജ. കര്‍ണന് ആറു മാസത്തെ തടവുശിക്ഷ വിധിച്ചത്. ശിക്ഷ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം സമര്‍പ്പിച്ച പ്രത്യേക അപേക്ഷയും റിട്ട് ഹരജിയും സുപ്രിംകോടതി പരിഗണിച്ചില്ല. കര്‍ണന്റെ കേസ് സംബന്ധമായി സുപ്രിംകോടതി മാധ്യമങ്ങള്‍ക്കു വിലക്കും ഏര്‍പ്പെടുത്തിയതിനാല്‍ ഈ വടംവലിയുടെ കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവന്നില്ല. വിധി വന്ന ശേഷം ഒന്നര മാസത്തോളമായി കര്‍ണന്‍ ഒളിവിലായിരുന്നു. തടവിലായതോടെ ഇനി അപ്പീല്‍ നല്‍കുകയോ രാഷ്ട്രപതിക്കു ദയാഹരജി നല്‍കുകയോ മാത്രമാണ് മുന്നിലുള്ള മാര്‍ഗം. ഇത്തരമൊരു ഏറ്റുമുട്ടല്‍ ഇന്ത്യന്‍ ജുഡീഷ്യറിക്ക് സമ്മാനിച്ച കളങ്കം ചെറുതല്ല. കര്‍ണനെ പദവിയില്‍ നിന്നു നീക്കം ചെയ്യുന്നതിനു (ഇംപീച്ച്‌മെന്റ്) നടപടി സ്വീകരിക്കാമായിരുന്നു. തനിക്കെതിരേ നടപടി സ്വീകരിച്ച സുപ്രിംകോടതി ചീഫ്ജസ്റ്റിസിനും ജഡ്ജിമാര്‍ക്കുമെതിരേ പ്രഖ്യാപിച്ച ശിക്ഷാനടപടികളിലൂടെ ജസ്റ്റിസ് കര്‍ണന്‍ സ്വയം ഒരു ഹാസ്യകഥാപാത്രമായി മാറിയിരുന്നു. ദീര്‍ഘകാലം നീതിന്യായമേഖലയില്‍ പ്രവര്‍ത്തിച്ച കര്‍ണന്‍ തന്റെ സേവനത്തിന്റെ അവസാന നാളുകളില്‍ പദവിയില്‍ നിന്നൊഴിവായി അപമാനിതനായാണ് കഴിഞ്ഞത്. അതേ രീതിയില്‍ അദ്ദേഹത്തെ വിരമിക്കാന്‍ അനുവദിക്കുകയായിരുന്നു നല്ലത്. ജസ്റ്റിസ് കര്‍ണന്റെ രീതികളും നടപടികളും അതിരുകടന്നുവെന്ന് അംഗീകരിക്കുമ്പോഴും അദ്ദേഹം ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്കു നേരെ കണ്ണടയ്ക്കാനാവില്ല. ജുഡീഷ്യറിയിലെ ഉന്നതങ്ങളില്‍ പോലും അഴിമതിയും വിവേചനവും നിലനില്‍ക്കുന്നുവെന്ന് അതേ മേഖലയില്‍ ഉന്നത പദവി വഹിച്ച ഒരു വ്യക്തി ഉയര്‍ത്തിയ ആരോപണം നിലനില്‍ക്കുകയാണ്. അതുസംബന്ധമായി സംശയങ്ങള്‍ ദൂരീകരിക്കേണ്ട ബാധ്യതയില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത് പരിഹാരമല്ല, സംശയങ്ങള്‍ വര്‍ധിപ്പിക്കുകയേയുള്ളൂ.
Next Story

RELATED STORIES

Share it