ജവാന്റെ കൊലപാതകം: സഹപ്രവര്‍ത്തകന്‍ ഒളിവില്‍; തോക്കും തിരകളും കണ്ടെത്തി; പ്രത്യേകസംഘം അന്വേഷിക്കും 

വടകര: വടകരയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ബിഎസ്എഫ് ജവാന്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം. പ്രതി സംസ്ഥാനം വിട്ടതായാണ് സൂചന. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് തിരച്ചില്‍ ഊര്‍ജിതമാക്കി. രാജസ്ഥാന്‍ സ്വദേശി രാംഗോപാല്‍ മീണ(45)യാണ് മരിച്ചത്. ഇരിങ്ങല്‍ കോട്ടക്കലിലെ ഇസ്‌ലാമിക് അക്കാദമി സ്‌കൂളില്‍ വ്യാഴാഴ്ച രാത്രി 11.30ഓടെയാണു സംഭവം.
സഹപ്രവര്‍ത്തകനായ ബിഹാര്‍ സ്വദേശി ഉമേഷ് സിങാണ് പ്രതി. അവധി അനുവദിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് വെടിവയ്പില്‍ കലാശിച്ചത്. സംഭവത്തിനുശേഷം ഉമേഷ് സിങ് കര്‍ണാടകയിലേക്ക് രക്ഷപ്പെട്ടതായാണു സൂചന. പ്രതിയുടെ മൊബൈല്‍ഫോണ്‍ ഓഫായത് അന്വേഷണത്തിനു തടസ്സമായിട്ടുണ്ട്. കര്‍ണാടക പോലിസിന്റെയും ബംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെയും സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഉമേഷ് സിങിന്റെ ഷൂസുകളും തോക്കും തിരകളും സമീപത്തെ വീട്ടില്‍നിന്നു കണ്ടെത്തി. ഇതേ വീടിനു പുറത്ത് അയലിലുണ്ടായിരുന്ന മുണ്ട് ധരിച്ചാണ് പ്രതി രക്ഷപ്പെട്ടതെന്നാണു നിഗമനം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡോ. രതീഷിന്റെ നേതൃത്വത്തില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തില്‍ രാംഗോപാല്‍ മീണയുടെ ശരീരത്തില്‍നിന്ന് നാലു വെടിയുണ്ടകള്‍ കണ്ടെത്തി.
ഇതിലൊരെണ്ണം ഇടതു കവിളിലൂടെ തുളച്ചുകയറി തലയോട്ടി തകര്‍ത്ത നിലയിലാണ്. രണ്ടാമത്തേത് ഇടതു നെഞ്ചിലൂടെ കയറി വാരിയെല്ലും ആന്തരികാവയവങ്ങളും തകര്‍ത്തു. ശേഷിക്കുന്ന രണ്ടു വെടിയുണ്ടകള്‍ ഇടതു കാലിലൂടെയും വലത് തുടയിലൂടെയുമാണ് തുളച്ചുകയറിയത്. മൃതദേഹം ഇന്നലെ നെടുമ്പാശ്ശേരിയിലേക്ക് കൊണ്ടുപോയി. ഇന്നു രാവിലെ സ്വദേശത്തേക്കു കൊണ്ടുപോവും. സംഭവത്തെക്കുറിച്ച് മജിസ്റ്റീരിയല്‍തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it