kasaragod local

ജഴ്‌സിയില്ല, പഠിക്കാനിടവുമില്ല; ജില്ലയിലെ കായികപ്രതിഭകള്‍ അവഗണനയില്‍

കായികപ്രതിഭകള്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അവഗണിക്കപ്പെടുന്നത് കാസര്‍കോട് ജില്ലയില്‍. മറ്റു ജില്ലകളില്‍ നിന്നു സംസ്ഥാന മല്‍സരത്തിന് പോകുന്ന എല്ലാ കുട്ടികള്‍ക്കും അതതു ജില്ലാ പഞ്ചായത്തുകള്‍ സ്‌പോര്‍ട്‌സ് കിറ്റ് നല്‍കാറാണ് പതിവ്.
എന്നാല്‍ ഇതുവരെ കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഇതിനു നടപടി സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ജില്ലയിലെ കായികാധ്യാപകരാണ് കുട്ടികള്‍ക്ക് ജഴ്‌സി വാങ്ങി നല്‍കിയത്. പരിശീലനം ലഭിക്കാത്തതിനാല്‍ കായികമേഖലയില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ച പല സ്‌കൂളുകളും ഇത്തവണ ജില്ലാ കായികമേളയ്‌ക്കെത്തിയില്ല.
വര്‍ഷങ്ങളായി ജില്ലാ കായികമേളയില്‍ നിറ സാന്നിധ്യമായിരുന്ന കമ്പല്ലൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും ഒരു കുട്ടി പോലും ഇത്തവണ മല്‍സരത്തിനെത്തിയിരുന്നില്ല. ജില്ലാ തലത്തില്‍ തന്നെ മികച്ച സ്‌കൂളുകളിലൊന്നായിരുന്ന കുമ്പളപ്പള്ളി കരിമ്പില്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ബേത്തൂര്‍പാറ തുടങ്ങിയ സ്‌കൂളുകളെല്ലാം മെഡല്‍ പട്ടികയില്‍ നിന്നും പുറന്തള്ളപ്പെട്ടു.
കുട്ടികളുടെ എണ്ണം കുറയുമ്പോള്‍ കായികാധ്യാപകന്‍ വേണ്ടെന്ന സര്‍ക്കാര്‍ തീരുമാനവും കായികപ്രതിഭകളുടെ വളര്‍ച്ചയ്ക്കും വികാസത്തിനും തടസമാവുകയാണ്.
സ്ഥലംമാറ്റത്തില്‍ പ്രതിഷേധിച്ചു ചില കായികാധ്യാപകര്‍ ദീര്‍ഘകാല അവധിയില്‍ പ്രവേശിക്കുന്നതും പതിവാണ്. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ചില മാനേജ്‌മെന്റ് സ്‌കൂളുകള്‍ മാത്രമാണ് അധ്യാപകരെ നിയമിച്ച് കുട്ടികള്‍ക്ക് ചിട്ടയായ പരിശീലനം നല്‍കിവരുന്നത്. എന്നാല്‍ ചീമേനി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കാസര്‍കോട് പരവനടുക്കത്തെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളുടെ നേട്ടം എടുത്തുപറയേണ്ടതാണ്.
കായികാധ്യാപകന്‍ ഇല്ലാതിരുന്നിട്ടും മാലോത്ത് കസബയിലെ കുട്ടികള്‍ മികച്ച പ്രകടനം തന്നെയാണ് കാഴ്ച്ചവച്ചത്. ഒരു വിഭാഗം അധ്യാപകരും മേളയെ വെറും വഴിപാടു മാത്രമായാണു കാണുന്നത്. അധ്യാപകരുടെ മല്‍സരയിനങ്ങളില്‍ 20ല്‍ താഴെ അധ്യാപകര്‍ മാത്രമാണ് സംബന്ധിച്ചത്.
Next Story

RELATED STORIES

Share it