Kottayam Local

ജല വിതരണ പൈപ്പ് സ്ഥാപിക്കാന്‍ 15 കോടി അനുവദിച്ചു

പൊന്‍കുന്നം: മണിമല മേജര്‍ കുടിവെള്ള പദ്ധതിയുടെ ജല വിതരണ പൈപ്പുകള്‍ സ്ഥാപിക്കാനായി 15 കോടി രൂപയുടെ അനുമതി ലഭിച്ചതായി കാഞ്ഞിരപ്പള്ളി എംഎല്‍എ ഡോ. എന്‍ ജയരാജ് അറിയിച്ചു. നാലു പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി വിഭാവനം ചെയ്ത പദ്ധതി ആദ്യം കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ 32.5 കോടി മുതല്‍ മുടക്കില്‍ നടപ്പാക്കാനായിരുന്നു പ്ലാന്‍.
എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രാദേശിക കുടിവെള്ള പദ്ധതികള്‍ക്കു നല്‍കി വന്നിരുന്ന ഫണ്ട് നിര്‍ത്തലാക്കിയതോടെ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ഏറ്റെടുത്ത് ഘട്ടംഘട്ടമായി പൂര്‍ത്തിയാക്കി വരുകയാണെന്നും എംഎല്‍.എ പറഞ്ഞു. മണിമലയാറ്റിലെ മാരൂര്‍ കടവ് ഭാഗത്ത് കിണറും, കുളത്തിങ്കല്‍ ഭാഗത്ത് ഒമ്പതു ലക്ഷം ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാന്‍ ശേഷിയുള്ള ശുദ്ധീകരണ ശാലയും കറുത്ത മഞ്ചാടി, ഉള്ളായം, പൂവത്തോലി, ചങ്ങോലി ഭാഗത്ത് ജല സംഭരണികളും അടങ്ങുന്നതാണ് പദ്ധതി.
ഇതില്‍ ക്ലിയര്‍ വാട്ടര്‍ പമ്പ് സെറ്റ് ഒഴികെയുള്ള ഉല്‍പാദന ഘട്ടങ്ങളുടെ പ്രവര്‍ത്തനം പൂര്‍ത്തിയായതായും വിതരണത്തിനായി കണക്കാക്കിയിരിക്കുന്ന 294.9 കിലോമീറ്ററില്‍ ആദ്യഘട്ടമായി 86.70 കിലോമീറ്ററില്‍ വിതരണ പൈപ്പുകള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനം നടന്നു വരുന്നതായും ഇതടങ്ങുന്ന ആദ്യഘട്ടത്തിന്റെ കമ്മിഷനിങ് നടത്താനുള്ള പ്രവര്‍ത്തനം നടന്നുവരുന്നതായും എംഎല്‍എ പറഞ്ഞു.
Next Story

RELATED STORIES

Share it