kasaragod local

ജല അതോറിറ്റി കുടിവെള്ള മീറ്ററില്‍ കൃത്രിമം; 1.15 ലക്ഷം രൂപ പിഴ ചുമത്തി

കാസര്‍കോട്: ജല അതോറിറ്റിയുടെ കുടിവെള്ള മീറ്ററില്‍ കൃത്രിമം. സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍  1.15 ലക്ഷം രൂപ പിഴ ചുമത്തി. വിദ്യാനഗര്‍ ജല അതോറിറ്റിയുടെ വാട്ടര്‍ ആന്റി തെഫ്റ്റ് സ്‌ക്വാഡ് വിഭാഗം നടത്തിയ പരിശോധനയിലാണ് വ്യാപകമായി മീറ്ററില്‍ കൃത്രിമം നടത്തിയതായി കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കാസര്‍കോട്, മഞ്ചേശ്വരം, ഉപ്പള, ബോവിക്കാനം തുടങ്ങി നിരവധി സ്ഥലങ്ങളിലാണ് സ്‌ക്വാഡ് പരിശോധന നടത്തിയത്. മഞ്ചേശ്വരത്തെ മൂന്ന് വീടുകളില്‍ നടത്തിയ പരിശോധനയില്‍ മീറ്ററില്‍ കൃത്രിമം കണ്ടെത്തിയതിനേ തുടര്‍ന്ന് മൂന്ന് ഉപഭോക്തക്കളില്‍ നിന്നും 20,000 രൂപയും ഉപ്പളയിലെ രണ്ട് വീടുകളില്‍ നടത്തിയ പരിശോധനയില്‍ 25, 000 രൂപയും കാസര്‍കോട് കറന്തക്കാട്ടെ ഒരു വീട്ടില്‍ നടത്തിയ പരിശോധനയില്‍ അരലക്ഷം രൂപയുമടക്കം 10 വീടുകളില്‍ നടത്തിയ പരിശോധനയില്‍ കൃത്രിമം കണ്ടെത്തുകയും മൊത്തം 1.15 ലക്ഷം രൂപ പിഴ ചുമത്തി. വന്‍തോതില്‍ കുടിവെള്ളം പാഴാക്കുന്നതും വീടുകള്‍, ക്വാര്‍ട്ടേഴ്‌സുകള്‍ തുടങ്ങിയവയില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ കരം അടയ്ക്കാത്തതും കണ്ടെത്തിയതിനേ തുടര്‍ന്നാണ് പരിശോധനയ്ക്ക് സ്‌ക്വാഡ് ഇറങ്ങിയത്. കുടിവെള്ളം ഉപയോഗിക്കാതെ അത് കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. പല വീടുകളിലെ മീറ്ററുകള്‍ പ്രവര്‍ത്തനരഹിതമായതായും എന്നാല്‍ കുടിവെള്ളം ചൂഷണം ചെയ്യുന്നതായും കണ്ടെത്തി. വരള്‍ച്ചയ്ക്ക് മുന്നോടിയായാണ് പരിശോധന തുടങ്ങിയതെന്ന് പരിശോധന സംഘം അറിയിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തും. കൃത്രിമം കണ്ടെത്തിയ ഉപഭോക്താക്കള്‍ക്ക് പിഴ ഒടുക്കാന്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ജല അതോറിറ്റി അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it