ജല്ലിക്കെട്ട് വിവാദം: തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം

ചെന്നൈ/മധുര: ജല്ലിക്കെട്ട് നിരോധനം നീക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം തടഞ്ഞ സുപ്രിംകോടതി ഉത്തരവിനെതിരേ ദക്ഷിണ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കുമെ ന്ന് കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ അതൊന്നും പ്രതിഷേധമണയ്ക്കാന്‍ പര്യാപ്തമായിട്ടില്ല.
ഡിഎംകെ, എംഡിഎംകെ, പിഎംകെ കക്ഷികള്‍ സുപ്രിം കോടതി വിധി മറി കടക്കാന്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുക ള്‍ ശ്രമിക്കണമെന്നാവശ്യപ്പെട്ടു.
കോടതി വിധി നിരാശാജനകമാണെന്ന് പൊന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കോടതി നിര്‍ദേശം പരിശോധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉചിത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സുപ്രിംകോടതി വിധിയില്‍ പ്രതിഷേധിച്ച് മധുര ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ജല്ലിക്കെട്ട് അനുകൂലികള്‍ റോഡ് തടഞ്ഞു. കടകള്‍ അടപ്പിച്ചു. പ്രതിഷേധ പ്രകടനങ്ങളും നടത്തി. അലങ്ങനല്ലൂര്‍, പാലമേഡ്, അവാണിയപുരം എന്നിവിടങ്ങളിലും പ്രതിഷേധം നടന്നു.
വിവിധ ഗ്രാമങ്ങളിലും നഗരങ്ങളിലും ജല്ലിക്കെട്ട് സംഘടിപ്പിക്കാന്‍ വിപുലമായ ഒരുക്കങ്ങ ള്‍ നടത്തിയ സംഘാടകര്‍ കോടതി വിധി വന്നതോടെ നിരാശരായി. ജല്ലിക്കെട്ട് അനുവദിച്ചില്ലെങ്കില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്നും ചില മണ്ഡലങ്ങളി ല്‍ ജനങ്ങള്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.
ജല്ലിക്കെട്ട് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കണമെന്ന് ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു.
എംഡിഎംകെ ജനറല്‍ സെക്രട്ടറി വൈകോ, പി എംകെ എംപി അന്‍പുമണി രാമദാസ് എന്നിവര്‍ പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെ ന്നും മുഖ്യമന്ത്രി ജയലളിത സര്‍വകക്ഷി യോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടു.
2014ല്‍ സുപ്രിംകോടതി റദ്ദാക്കിയ ജല്ലിക്കെട്ടിന് ഈ മാസം ഏഴിനാണ് കേന്ദ്ര പരിസ്ഥിതി-വന മന്ത്രാലയം വിജ്ഞാപനം വഴി അനുമതി നല്‍കിയത്. ഈ വിജ്ഞാപനമാണ് ഇന്നലെ സുപ്രിംകോടതി റദ്ദാക്കിയത്. അതിനിടെ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കുന്നത് ബോംബെ ഹൈക്കോടതി ഫെബ്രുവരി ആറിലേക്ക് മാറ്റി.
വിജ്ഞാപനം സുപ്രിംകോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് ഹരജികള്‍ മാറ്റിയത്.
Next Story

RELATED STORIES

Share it