ജല്ലിക്കെട്ട് നിരോധനം തുടരാന്‍ സുപ്രിംകോടതി ഉത്തരവ് ; വിജ്ഞാപനം റദ്ദാക്കി

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: സുപ്രിംകോടതി ഉത്തരവു മറികടന്ന് തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ടിനും കാളയോട്ടത്തിനും അനുമതി നല്‍കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം സുപ്രിംകോടതി സ്‌റ്റേ ചെയ്തു. സുപ്രിംകോടതി 2014ല്‍ ഏര്‍പ്പെടുത്തിയ നിരോധനത്തെ നോക്കുകുത്തിയാക്കി ജല്ലിക്കെട്ടും കാളയോട്ടവും നിയമവിധേയമാക്കി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ജനുവരി 7നു പുറത്തിറക്കിയ വിജ്ഞാപനമാണ് സുപ്രിംകോടതി താല്‍ക്കാലികമായി റദ്ദാക്കിയത്.
ജല്ലിക്കെട്ടിനു മൃഗങ്ങളെ ഉപയോഗിക്കുന്നത് കടുത്ത ദ്രോഹമാണെന്നും മനുഷ്യന്റെ ആഘോഷക്കമ്പത്തിനു മൃഗങ്ങളെ ഉപയോഗിക്കരുതെന്നും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ജല്ലിക്കെട്ട് മൃഗങ്ങളോടുള്ള ദ്രോഹമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വാദിച്ചു. എന്നാല്‍, ഇതു കോടതി അംഗീകരിച്ചില്ല. വിഷയത്തില്‍ നാലാഴ്ചയ്ക്കകം നിലപാട് അറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോടും തമിഴ്‌നാട് സര്‍ക്കാരിനോടും കോടതി നിര്‍ദേശിച്ചു. കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനത്തിനെതിരേ ദേശീയ മൃഗക്ഷേമ ബോര്‍ഡും മൃഗക്ഷേമ സംഘടനകളും നല്‍കിയ ഹരജിയാണ് സുപ്രിംകോടതി പരിഗണിച്ചത്.
നേരത്തേ ജസ്റ്റിസ് ആര്‍ ഭാനുമതിയുടെ നേതൃത്വത്തിലുള്ള മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് ജല്ലിക്കെട്ട് നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. ചീഫ്ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് ഇന്നലെ രാവിലെ കേസ് പരിഗണിച്ചത്. എന്നാല്‍, ബെഞ്ചില്‍ ഉണ്ടായിരുന്ന ജസ്റ്റിസ് ആര്‍ ഭാനുമതി വിസമ്മതിച്ചതിനെ തുടര്‍ന്ന് ജസ്റ്റിസുമാരായ ദീപക് മിശ്ര, എന്‍ വി രമണ എന്നിവരടങ്ങിയ ബെഞ്ചിന്റെ പരിഗണനയ്ക്കു വിടുകയായിരുന്നു.
'സര്‍ക്കാരിന്റെ നീക്കം വര്‍ഷങ്ങളായി തുടരുന്ന ആചാരങ്ങള്‍ സംരക്ഷിക്കാനാണ്. ജല്ലിക്കെട്ട് സ്‌പെയിനിലുള്ളതുപോലുള്ള കാളപ്പോരല്ല. ആചാരങ്ങളെയും ഉത്സവങ്ങളെയും ബാധിക്കുന്ന രീതിയില്‍ കോടതി ഉത്തരവ് പുറപ്പെടുവിക്കരുത്' എന്നായിരുന്നു അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗിയുടെ വാദം. എന്നാല്‍, നാലു വര്‍ഷമായി മുടങ്ങിക്കിടക്കുന്ന ജല്ലിക്കെട്ട് ഇപ്പോള്‍ നടത്തേണ്ട ആവശ്യമെന്താണെന്ന് ജസ്റ്റിസ് മിശ്ര ചോദിച്ചു.
1960ലെ മൃഗപീഡന നിരോധന നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രദര്‍ശിപ്പിക്കുകയോ വിനോദത്തിന് ഉപയോഗിക്കുകയോ ചെയ്യരുതാത്ത കരടി, കുരങ്ങ്, കടുവ, പുള്ളിപ്പുലി, സിംഹം എന്നിവയുടെ പട്ടികയില്‍ 2011 മുതലാണ് കാളയെയും ഉള്‍പ്പെടുത്തിയത്. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് 2014ലാണ് സുപ്രിംകോടതി ശരിവയ്ക്കുന്നത്.
Next Story

RELATED STORIES

Share it