Alappuzha local

ജലാശയങ്ങള്‍ വിഷമയം; വീയപുരത്ത് ശുദ്ധജലക്ഷാമം രൂക്ഷം

ഹരിപ്പാട്: ജലാശയങ്ങളാല്‍ ചുറ്റപ്പെട്ട് കിടന്നിട്ടും വീയപുരത്ത് ശുദ്ധജലക്ഷാമം രൂക്ഷം. വേനല്‍ ശക്തിപ്രാപിക്കും മുമ്പേ ജല ക്ഷാമം രൂക്ഷമായിട്ടും അധികൃതരുടെ ഭാഗത്തുനിന്നും നടപടികളൊന്നുമില്ല. പതിനാലര ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ ഗ്രാമ  പ്പഞ്ചായത്ത്  ജലാശയങ്ങള്‍ കൊണ്ട് സമ്പന്നമാണ്. കാര്‍ഷിക ഗ്രാമമായ ഇവിടെ പാടശേഖരങ്ങളില്‍ നിന്നും പുറം തള്ളുന്ന വിഷാംശം നിറഞ്ഞ ജലമാണ് ജലാശയങ്ങളിലുള്ളത്. അതിനാല്‍ ഈ വെള്ളം  കുടിക്കാന്‍ നിര്‍ബന്ധിതരാവുകയാണ് പ്രദേശ വാസികള്‍.
കുടിവെള്ള പദ്ധതിക്ക് ലക്ഷങ്ങള്‍ ചെലവഴിച്ചിട്ടും ശുദ്ധജല ക്ഷാമം പരിഹരിക്കാന്‍ കഴിയുന്നില്ല. പഞ്ചായത്ത്  12ലക്ഷം രൂപയാണ് കുടിവെള്ള കരമായി എടത്വാ വാട്ടര്‍ അതോറിറ്റിയില്‍ അടയ്ക്കുന്നത്.
258 പൊതുടാപ്പുകളാണ് ഗ്രാമപ്പഞ്ചായത്തിലുള്ളത്. 1988 ല്‍ ഡോ. കെ സി ജോസഫ് എംഎല്‍എ ആയിരിക്കെയാണ് പായിപ്പാട്ട് ജലസംഭരണി നിര്‍മിക്കുന്നത്. രണ്ടരലക്ഷം ലിറ്റര്‍ സംഭരണശേഷിയുണ്ട് ഇതിന്. വെള്ളംകുളങ്ങര, കാരിച്ചാല്‍  എന്നിവിടങ്ങളിലെ കോളനികള്‍ കേന്ദ്രീകരിച്ച് ജില്ലാ പഞ്ചായത്ത് വക രണ്ടു മിനി ടാങ്കും വീയപുരം കിഴക്ക്, പടിഞ്ഞാറ്, കാരിച്ചാല്‍, പായിപ്പാട്, മേല്‍പ്പാടം, എന്നിവിടങ്ങളില്‍ കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി  ആര്‍ഒ പഌന്റുകളും നീരേറ്റുപുറത്ത് നിന്നും പ്രത്യേക കുടിവെള്ള പദ്ധതിയും വീയപുരത്തിന് സ്വന്തമായിട്ടുണ്ട്.
ജപ്പാന്‍ കുടി വെള്ള പദ്ധതിക്കും ഹരിപ്പാട് കുടി വെള്ള പദ്ധതിക്കും  ശുദ്ധ ജലം കണ്ടെത്തുന്നത് വീയപുരത്തു കൂടി ഒഴുകുന്ന പമ്പാ നദിയില്‍ നിന്നുമാണ്. പായിപ്പാട് ജല സംഭരണിയില്‍ നിന്നും ഗ്രാമ പ്പഞ്ചായത്തിന്റെ 13 വാര്‍ഡുകളെ കൂടാതെ മാന്നാര്‍ ഗ്രാമപ്പഞ്ചായത്തിലെ ഏതാനും വാര്‍ഡുകളില്‍ കൂടി കുടി വെള്ളം എത്തിക്കേണ്ട ചുമതല  ഈ ജല സംഭരണിക്കുണ്ട്.
10 ലക്ഷം ലിറ്റര്‍ കുടി വെള്ളമാണ് ദിനേന പ്രദേശവാസികള്‍ക്ക് വേണ്ടത്. രണ്ടര ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്ക് നാലു തവണ തുടരെ പ്രവര്‍ത്തിപ്പിച്ചാല്‍ മാത്രമെ ഈ ലക്ഷ്യത്തിലെത്താന്‍ കഴിയൂ. കപ്പാസിറ്റി ഇല്ലാത്ത മോട്ടോറും കാലപ്പഴക്കം ചെന്ന പൈപ്പുകളും വൈദ്യുതി തകരാറും തടസമായി നില്‍ക്കുന്നു. കൂടാതെ മൂന്ന് ഷിഫ്റ്റ് വേണ്ടിടത്ത് രണ്ട് ഷിഫ്റ്റില്‍ മാത്രമേ ജീവനക്കാരുള്ളൂ. ഇതും പോരായ്മയായി കണക്കാക്കുന്നു. നീരേറ്റു പൂറത്ത് നിന്നുള്ള കുടിവെള്ള പദ്ധതിയുടെ പണി പൂര്‍ത്തീകരിച്ചെങ്കിലും കമ്മീഷന്‍ ചെയ്തിട്ടില്ല.
അഞ്ച്  ആര്‍ഒ  പ്ലാന്റുകളുടെ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും നാഥനില്ലാ കളരിയായി ഇവ തുടരുന്നു.   ജില്ലാ പഞ്ചായത്ത് വക മിനി ടാങ്കില്‍ നിന്നും  വെള്ളമെടുക്കുന്നവര്‍ തന്നെയാണ് വൈദ്യുതി ചാര്‍ജ് അടക്കുന്നത്.
മുന്‍ സര്‍ക്കാര്‍ കുടിവെള്ള പദ്ധതിക്കായി 20 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ പദ്ധതി മാത്രം നടപ്പായില്ല. ദൈനംദിന  പ്രവര്‍ത്തനങ്ങള്‍ക്ക് പോലും പണം കണ്ടെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് ഗ്രാമപ്പഞ്ചായത്തെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ മാറ്റുകയും കപ്പാസിറ്റിയുള്ള  മോട്ടോര്‍ സ്ഥാപിക്കുകയും മൂന്ന് ഷിഫ്റ്റില്‍ ജീവനക്കാരെ നിയമിക്കുകയും, മേല്‍പ്പാടത്ത് എക്സ്റ്റ്‌റാ ട്യൂബുവെല്‍ സ്ഥാപിക്കുകയും ചെയ്താല്‍ വീയപുരത്തെ കുടി വെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാവുമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
Next Story

RELATED STORIES

Share it