ernakulam local

'ജലസ്രോതസ്സുകള്‍ ജനങ്ങള്‍ക്കായ് 'പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു

കാലടി: ഗ്രാമപ്പഞ്ചായത്തിലെ സമ്പൂര്‍ണ കുളം നവീകരണ ശ്രമങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന 'ജലസ്രോതസ്സുകള്‍ ജനങ്ങള്‍ക്കായ്'പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം അഡ്വ. കെ തുളസി നിര്‍വഹിച്ചു. 15ാം വാര്‍ഡ് മെംബര്‍ സിജോ ചൊവ്വരാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ശാരദാ മോഹന്‍, ബ്ലോക്ക് മെംബര്‍ എ എ സന്തോഷ്, ഉഷ ബാലന്‍(വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍), കെ കെ സഹദേവന്‍ സംസാരിച്ചു. മറ്റൂര്‍ തിരുവെള്ളമാന്‍തുള്ളി ക്ഷേത്രം ഉടമസ്ഥതയിലുള്ള ഒരേക്കര്‍ 95 സെന്റ് സ്ഥലത്തായി വ്യാപിച്ചുകിടക്കുന്ന വഴുതകുളം പായലും പുല്ലുംനിറഞ്ഞ് ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്നു.
സമീപത്തുള്ള സ്വകാര്യ കമ്പനിയില്‍നിന്നു മലിനജലം ഒഴുകിയെത്തിയെന്ന പൊതുജനങ്ങളുടെ പരാതിയെത്തുടര്‍ന്ന് അന്വേഷണം നടന്നുവരികയാണ്.
തൊഴിലുറപ്പു തൊഴിലാളികളോടൊപ്പം വഞ്ചിയില്‍ കയറി ജനപ്രതിനിധികള്‍ പായല്‍ വാരാന്‍ ഇറങ്ങിയത് കൗതുക കാഴ്ചയായി. പഞ്ചായത്ത് അതിര്‍ത്തിയില്‍വരുന്ന മുഴുവന്‍ കുളങ്ങളും വിവിധ സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച് പഞ്ചായത്തിലെ കുടിവെള്ള സ്രോതസ്സുകള്‍ മാലിന്യ മുക്തമാക്കി സംരക്ഷിക്കുക, ശുദ്ധജല ലഭ്യത വര്‍ധിപ്പിക്കുക, ജലസ്രോതസ്സുകള്‍ ജനകീയമായി സംരക്ഷിക്കുക, സ്വകാര്യ കമ്പനികളിലെ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.
Next Story

RELATED STORIES

Share it