thrissur local

ജലസ്രോതസ്സുകളെ ആശ്രയിക്കാനാവാതെ കൊടുങ്ങല്ലൂരിലെ ജനം ദുരിതത്തില്‍

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ മേഖലയില്‍ പ്രളയം മലിനമാക്കിയ ജലസ്രോതസ്സുകളെ ആശ്രയിക്കാനാകാത്ത സാഹചര്യത്തില്‍ നാടെങ്ങും കുടിവെള്ളത്തിന് വിലയേറുന്നു.
ചാലക്കുടി പ്രളയത്തില്‍ മുങ്ങിയതോടെ വൈന്തലയിലെ വാട്ടര്‍ അതോറിറ്റിയുടെ ജല ശുദ്ധീകരണശാലയുടെ പ്രവര്‍ത്തനം താറുമാറായിരിക്കുകയാണ്. തീരമേഖലയില്‍ ജലസ്രോതസ്സുകള്‍ പൊതുവെ കുടിവെള്ളത്തിനായി ഉപയോഗിക്കാനാകില്ല. അറബിക്കടലില്‍ ചേരുന്ന കാഞ്ഞിരപ്പുഴയും ബന്ധപ്പെട്ട് കിടക്കുന്ന കനോലി കനാലും അതിരിടുന്ന പ്രദേശത്ത് കിണറുകളിലും മറ്റുമുള്ള വെള്ളത്തില്‍ ഉപ്പിന്റെ അംശം കൂടുതലാണ്. അപൂര്‍വ്വമായി ശുദ്ധജലം ലഭിക്കുന്ന ജലസ്രോതസ്സുകള്‍ പ്രളയത്തോടെ മലിനമാകുകയും ചെയ്തു. പ്രളയബാധിത പ്രദേശങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ പലരും വിതരണം ചെയ്യുന്നുണ്ട്. എന്നാല്‍ അവ പാകം ചെയ്യാന്‍ വെള്ളമില്ലാത്ത അവസ്ഥയാണ്. ചില സന്നദ്ധ സംഘടനകള്‍ പ്രളയബാധിത പ്രദേശങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നുണ്ടെങ്കിലും മേഖലയിലെ ആവശ്യം പരിഹരിക്കാന്‍ ഇത് പര്യാപ്തമാകുന്നില്ല.
തൊണ്ട നനയ്ക്കാനുള്ള വെള്ളത്തിനു വേണ്ടി മണിക്കൂറുകളോളം ടാങ്കര്‍ ലോറി കാത്തു നില്‍ക്കുകയാണ് പ്രളയബാധിതര്‍. മേഖലയില്‍ കുപ്പിവെള്ളത്തിനും ക്ഷാമം അനുഭവപ്പെടുന്നുണ്ട്. പ്രളയത്തെ തുടര്‍ന്ന് ദുരിതബാധിതര്‍ക്ക് വിതരണം ചെയ്യാന്‍ വേണ്ടി സന്നദ്ധ സംഘടനകളും വ്യക്തികളും വന്‍തോതില്‍ കുപ്പിവെള്ളം ശേഖരിച്ചതോടെ വിപണിയില്‍ കുപ്പിവെള്ളം കിട്ടാക്കനിയായി. പല കുപ്പിവെള്ള നിര്‍മ്മാണ കമ്പനികളും സ്തംഭനാവസ്ഥയിലാണ്. അതേസമയം പ്രളയത്തിന് ശേഷം ദുരിതാശ്വാസ ക്യാംപില്‍ നിന്ന് മടങ്ങിയെത്തിയവരാണ് കുടിവെള്ളത്തിനായി ദുരിതം നേരിടുന്നത്.
പതിനേഴാംതിയ്യതി മുതല്‍ നഗരത്തിലെയും പരിസരങ്ങളിലേയും വിവിധ പ്രദേശങ്ങളില്‍ പീച്ചി പൈപ്പ് ലൈന്‍വഴി മഞ്ഞനിറത്തിലാണ് വെള്ളം ലഭിക്കുന്നത്. ചെളി കലങ്ങിയ വെള്ളം കുടിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. കലങ്ങിയ വെള്ളം ഉപയോഗിച്ച് കുളിക്കുന്നവര്‍ക്ക് ചൊറിച്ചില്‍ അനുഭവപ്പെടുന്നതായി പറയുന്നു. വിതരണം ചെയ്യുന്ന കുടിവെള്ളം ഉപയോഗപ്രദമല്ലെന്ന് കണ്ടെത്തിയതോടെ കുടിവെള്ളത്തിനായി കുപ്പിവെള്ളവും ടാങ്കര്‍ ലോറി വെളളവും പണം കൊടുത്ത് വാങ്ങേണ്ട സ്ഥിതിയാണ്.
പ്രളയത്തിനിടെ പീച്ചി ഡാമിലേക്ക് ചെളിനിറഞ്ഞ വെള്ളം ഒഴുകിയെത്തിയതിന് പുറമേ ഡാമില്‍ പ്രവര്‍ത്തിക്കുന്ന ജലവൈദ്യുതി നിലയത്തിന്റെ ടര്‍ബൈനുകള്‍ എന്നറിയപ്പെടുന്ന കൂറ്റന്‍ യന്ത്രഭാഗങ്ങള്‍ ജലാശയത്തിനടിയില്‍ പ്രവര്‍ത്തിക്കുന്നത് കാരണം വെള്ളം കലങ്ങി മറിയാന്‍ ഇടയായതായി ജലസേചന വകുപ്പ് അധികൃതര്‍ ചൂണ്ടികാട്ടുന്നു. നിലവിലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് കുടിവെള്ളം ഫില്‍റ്റര്‍ സ്‌റ്റേഷനില്‍ ശുദ്ധീകരണം നടത്താന്‍ പറ്റാത്ത സ്ഥിതിയാണിപ്പോള്‍. വെള്ളത്തിന്റെ നിറ വ്യത്യാസം സാധാരണ നിലയിലാകുന്നത് വരെ ജലവൈദ്യുതി നിലയത്തിന്റെ പ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തിവെക്കണമെന്നാണ് ജലസേചനവകുപ്പ് അധികൃതരുടെ നിലപാട്.
ജലവൈദ്യുതിയുടെ പ്രവര്‍ത്തനം നാല് ദിവസത്തേക്ക് നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബിക്ക് കത്ത് നല്‍കിയെങ്കിലും കെ.എസ്.ഇ.ബിയുടെ ഭാഗത്ത് നിന്ന് യാതൊരു തുടര്‍ നടപടിയും ഉണ്ടായില്ലെന്ന് ജലസേചന വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ പീച്ചിയില്‍ നിന്നും വിതരണം ചെയ്യുന്ന വെള്ളം നഗരത്തിലെ പമ്പ് സ്‌റ്റേഷനുകളില്‍ എത്തിച്ച് സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തിയാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. കുടിവെളളം കലങ്ങിയതുമായി ബന്ധപ്പെട്ട് അന്വേഷിക്കാന്‍ വാട്ടര്‍ അതോറിറ്റി ചീഫ് എന്‍ജിനീയര്‍ പീച്ചി ഡാമില്‍ പരിശോധന നടത്തി.

Next Story

RELATED STORIES

Share it