wayanad local

ജലസ്രോതസ്സുകളുടെ സംരക്ഷണം പ്രഥമ ലക്ഷ്യം

കല്‍പ്പറ്റ: ജില്ലാ പഞ്ചായത്തിന്റെ  വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാറില്‍ വരള്‍ച്ച നേരിടുന്നതിനും ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിനുമുള്ള പദ്ധതികള്‍ക്ക് പ്രഥമ പരിഗണന. 54.84 കോടി രൂപയുടെ അടങ്കല്‍ തുകയ്ക്കുള്ള വാര്‍ഷിക പദ്ധതികളാണ്് തയ്യാറാക്കിയിട്ടുള്ളത്. ജില്ല നേരിടുന്ന അതിരൂക്ഷമായ വരള്‍ച്ചയ്ക്കും കുടിവെള്ള പ്രശ്‌നത്തിനും പരിഹാരം കാണുക എന്നതാണ് പ്രധാന ലക്ഷ്യം. പൊതുവിഭാഗത്തില്‍ 24.83 കോടി രൂപയും പ്രത്യേക ഘടക പദ്ധതിയില്‍ 2.28 കോടി രൂപയും പട്ടികവര്‍ഗ ഉപപദ്ധതിയില്‍ 10.81 കോടി രൂപയും ഉള്‍പ്പെടെ വികസന ഫണ്ടില്‍ 37.53 കോടി രൂപയാണ് പദ്ധതികള്‍ക്കായി മാറ്റിവച്ചത്.
റോഡുകളുടെ അറ്റകുറ്റപ്പണിക്കായി 12.20 കോടി രൂപയും മെയിന്റനന്‍സ് ഗ്രാന്റ് റോഡിതര ഇനത്തില്‍ 42.66 കോടി രൂപയും തനത് ഫണ്ട് ഇനത്തില്‍ 42 ലക്ഷം രൂപയും മറ്റ് തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതമായി 30 ലക്ഷം രൂപയും ഉള്‍ക്കൊള്ളിച്ചു. പൊതു വിഭാഗം ഉല്‍പാദന മേഖലയില്‍ 6.50 കോടി രൂപ, സേവന മേഖലയില്‍ 15.28 കോടി, പശ്ചാത്തല മേഖലക്ക് 3.05 കോടി രൂപ എന്നിങ്ങനെയാണ് വിവിധ പദ്ധതികള്‍ക്കായി നീക്കിവച്ചത്. പട്ടികജാതി വിഭാഗം സേവനമേഖലയില്‍ 1.65 കോടി രൂപയും പശ്ചാത്തല മേഖലയില്‍ 2.28 കോടി രൂപയും വകയിരുത്തി. പട്ടികവര്‍ഗ വിഭാഗം സേവന മേഖലയില്‍ എട്ടു കോടിയും പശ്ചാത്തല മേഖലയില്‍ 2.81 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്.
ജില്ലാ പഞ്ചായത്തിന് ലഭിക്കുന്ന പദ്ധതി വിഹിതത്തിന്റെ 20 ശതമാനം തുക ലൈഫ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കും. ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ആര്‍ദ്രം എന്നീ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കും ഗണ്യമായ തുക നീക്കിവച്ചിട്ടുണ്ട്. വനിതകള്‍, വയോജനങ്ങള്‍, പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ എന്നിവരുടെ വികസനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളും ബാലസൗഹൃദ ജില്ലയാക്കി മാറ്റുന്നതിനുള്ള പദ്ധതികളും വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ആസൂത്രണ ഭവനില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അസ്മത്ത് അധ്യക്ഷത വഹിച്ചു.
കരട് പദ്ധതിരേഖ ജില്ലാ കലക്ടര്‍ എസ് സുഹാസ് പ്രകാശനം ചെയ്തു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തളാ ഷണ്‍മുഖന്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീതാ രാമന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി കെ അനില്‍കുമാര്‍, കെ മിനി, എ ദേവകി, അനിലാ തോമസ്, എന്‍ പി കുഞ്ഞുമോള്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it