wayanad local

ജലസ്രോതസ്സുകളില്‍ 42 ശതമാനം ഉപയോഗശൂന്യമെന്നു റിപോര്‍ട്ട്



കല്‍പ്പറ്റ: ജില്ലയിലെ പൊതു ജലസ്രോതസ്സുകളില്‍ 42 ശതമാനം ഉപയോഗയോഗ്യമല്ലെന്നു റിപോര്‍ട്ട്. നേന്ത്രവാഴകൃഷി, പച്ചക്കറി കൃഷി എന്നിവ വ്യാപകമായപ്പോള്‍ മേല്‍മണ്ണിലെ ജലം ചാലുകീറി ഒഴുക്കിക്കളയുന്നു. ഇതു ജലാശയങ്ങള്‍ പെട്ടെന്നു വരണ്ടുണങ്ങാന്‍ ഇടയാക്കി. പുഴകളുടെയും മറ്റ് കൈവഴികളുടെയും തീരത്തുള്ള കുറ്റിക്കാടും തൈക്കാടുകളും വെട്ടിനശിപ്പിച്ചതു മൂലം പുഴയോരം ഇടിയുന്നു. ഫ്യുറിഡാന്‍ ഉള്‍പ്പെടെയുള്ള കീടനാശിനികള്‍, കളനാശിനികള്‍ എന്നിവയുടെ അമിതോപയോഗം തോടുകള്‍ക്കും അതില്‍ വളരുന്ന ജീവജാലങ്ങള്‍ക്കും വന്‍ ഭീഷണിയാണ്. ജില്ലാ സാക്ഷരതാ മിഷനും എം എസ് സ്വാമിനാഥന്‍ ഗവേഷണ നിലയവും ചേര്‍ന്ന് സംഘടിപ്പിച്ച പരിസ്ഥിതി സെമിനാറില്‍ സാക്ഷരതാ മിഷന്‍ അവതരിപ്പിച്ച ജില്ലയിലെ ജലസ്രോതസ്സുകളെ സംബന്ധിച്ച പഠനറിപോര്‍ട്ടിലാണ് ആശങ്കപ്പെടുത്തുന്ന ഈ കണ്ടെത്തലുകള്‍.  ജലസ്രോതസ്സുകളില്‍ 20 ശതമാനം അപകടാവസ്ഥയിലാണ്. വയനാട് ലോക ടൂറിസത്തിന്റെ നെറുകയില്‍ കയറിയെന്ന് അഭിമാനിക്കുമ്പോഴും പരിസ്ഥിതിയുടെ കാര്യത്തില്‍ വലിയ ആശങ്കകളാണ് ഉയരുന്നതെന്നു പരിസ്ഥിതി സെമിനാര്‍ ഉദ്ഘാടനവും ജലസ്രോതസ്സുകളുടെ പഠനറിപോര്‍ട്ട് പ്രകാശനവും നിര്‍വഹിച്ച് ജില്ലാ ജഡ്ജി ഡോ. വി വിജയകുമാര്‍ പറഞ്ഞു. ജലസ്രോതസ്സുകള്‍ പലതും ഗതി തിരിച്ചുവിട്ടു. അശാസ്ത്രീയമായി അക്കേഷ്യ, മാഞ്ചിയം, യൂക്കാലിപ്റ്റസ് തുടങ്ങിയ മരങ്ങള്‍ പ്രോല്‍സാഹിപ്പിച്ചു. അതു തെറ്റാണെന്ന് തെളിഞ്ഞു. ശുദ്ധവായു, ജലം എന്നിവ ആധാരമാക്കിയുള്ള ജീവിത സംസ്‌കാരം വളര്‍ത്തിയെടുക്കണമെന്നു വിജയകുമാര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ ദേവകി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ സി കെ പ്രദീപ് കുമാര്‍, സ്വാമിനാഥന്‍ ഗവേഷണ നിലയം തലവന്‍ ഡോ. വി ബാലകൃഷ്ണന്‍, പരിസ്ഥിതി വിദഗ്ധന്‍ പ്രഫ. പി രാമന്‍കുട്ടി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് അസിസ്റ്റന്റ് എഡിറ്റര്‍ കെ എസ് സുമേഷ്, അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍മാരായ പി എന്‍ ബാബു, എം കെ സോയ സംസാരിച്ചു. ജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍ പി യു ദാസ്, നബാര്‍ഡ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എന്‍ എസ് സജികുമാര്‍, സീനിയര്‍ സയന്റിസ്റ്റ് വി വി ശിവന്‍ ക്ലാസെടുത്തു.
Next Story

RELATED STORIES

Share it