Pathanamthitta local

ജലസേചന വകുപ്പിനെതിരേ പരാതിയുമായി കര്‍ഷകര്‍

പത്തനംതിട്ട: ആറന്‍മുളയിലെ കരിമാരംതോട് നവീകരിച്ചത് വിലയിരുത്താനുള്ള ജില്ലാ കലക്ടറുടെ സന്ദര്‍ശനം മാറ്റിവെയ്ക്കുന്നതിടയായ സാഹചര്യം വിവാദത്തിലേക്ക്. ഹൈക്കോടതി വിധി പ്രകാരം ജില്ലാ കലക്ടര്‍ ആര്‍ ഗിരിജയുടെ നേതൃത്വത്തിലാണ് ആറന്‍മുള എയര്‍പോര്‍ട്ട് പദ്ധതിക്കായി നികത്തിയ കരിമാരംതോട് വീണ്ടും മണ്ണെടുത്ത് മാറ്റി പുനസ്ഥാപിച്ചത്.  ഹൈക്കോടതിക്ക് റിപോര്‍ട്ട് കൊടുക്കുന്നതിന് മുന്നോടിയായാണ് ആറന്‍മുളയില്‍ ബുധനാഴ്ച സന്ദര്‍ശനം തീരുമാനിച്ചിരുന്നത്.
സന്ദര്‍ശനം റദ്ദാക്കിയത് എന്താണെന്ന് കലക്ടറോട് തിരക്കിയെങ്കിലും പ്രതികരിച്ചില്ല.  കൃഷി വിപുലമാക്കുന്നതിന് ഇനി ജലസേചന വകുപ്പ് അടക്കമുള്ളവര്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് പരാതി പറയാന്‍ നിന്ന പാടശേഖര സമിതികള്‍ കലക്ടറുടെ സന്ദര്‍ശനം റദ്ദായതോടെ നിരാശരായി. ഇനിയും വേണ്ട വിധം ജലസേചന വകുപ്പ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലങ്കില്‍ പദ്ധതി പ്രദേശത്ത് കൃഷി ഉണ്ടാവില്ലന്നാണ് കൃഷിക്കാര്‍ പറയുന്നത്. അതിനിടെ കൈപ്പാലച്ചാലും ആറന്‍മുള ചാലും ജലസേചന വകുപ്പ് നവികരിക്കുന്നതിന് 40 ലക്ഷം രൂപ അനുവദിച്ചതായി അറിയിച്ച് എംഎല്‍എ വീണാ ജോര്‍ജിന്റെ പത്രക്കുറിപ്പും എത്തി. ഈ സര്‍ക്കാര്‍ വന്നതിന് ശേഷം രണ്ടാം കൃഷിയും കഴിഞ്ഞിട്ടും ജലസേചന വകുപ്പ് വേണ്ട വിധം സഹായം ചെയ്തില്ലന്ന് ആക്ഷേപം നിലനില്‍ക്കുമ്പോഴാണ് എംഎല്‍എ പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ആറന്‍മുള എയര്‍ സ്ടിപ്പിന് വേണ്ടി മൂടിയ തെച്ചിക്കാവില്‍ കൃഷി ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്ന് കൃഷിക്കാര്‍ പറയുന്നു.
തൂമ്പുടിയിലും അയ്യന്‍കോയിക്കലും വെള്ളക്കെട്ടാണ്. മുഖ്യമന്ത്രി വിതച്ച അയ്യന്‍കോയിക്കല്‍ പാടം പഴയ സ്ഥിതിയിലായി. ഇവിടെ ജലസേചന വകുപ്പ് തോട് നവീകരിച്ചിരുന്നു. എന്നാല്‍ ഇതില്‍ ഈ വര്‍ഷം കൃഷിയില്ല. മാത്രമല്ല ഈ തോട്ടിലൂടെ വെള്ളം പമ്പ് ചെയ്ത് നിറഞ്ഞ പാടത്തേക്ക് തന്നെ വിടുന്ന പാഴ്‌വേലയാണ് നടക്കുന്നത്. പന്നിവേലിച്ചിറയില്‍ ഷട്ടറുകള്‍ തകര്‍ന്ന് കിടക്കുകയാണ്. ഇത് രണ്ട് വര്‍ഷമായിട്ടും വകുപ്പ് തിരിഞ്ഞ് നോക്കിയിട്ടില്ല. റവന്യൂ, കൃഷി വകുപ്പുകളുടെ മന്ത്രിമാര്‍ നടത്തിയ യോഗത്തില്‍ ഷട്ടര്‍ ശരിയാക്കണം എന്നാണ് പറഞ്ഞത്. കൃഷിക്കാര്‍ കാണിച്ച് കൊടുത്തിട്ടും ഇതിനും പരിഹാരമായില്ല. അവലോകന യോഗങ്ങളില്‍ ജലസ്രോതസ് നവീകരിച്ചത് തങ്ങളാണെന്ന് ജലസേചന വകുപ്പ് മേനി പറഞ്ഞിരുന്നു. എന്നാല്‍ കൃഷി നവീകരണപദ്ധതിയില്‍ സ്‌പെഷ്യല്‍ ഓഫീസര്‍ ജെ സജീവാണ് ജലസ്രോതസ് ഉപയോഗപ്രദമാക്കിയത്. പോലീസ് സ്‌റ്റേഷന് പിന്നിലൂടെയുള്ള ചാലും പാതി പണിത് നിര്‍ത്തിയിരിക്കുന്നു. കരിമാരം തോട് നവീകരിക്കുന്നത് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ്. കൃഷിക്കാരനായ മോഹനന്‍ നല്‍കിയ ഹരജിയാണ് ഇതിന് കാരണമായത്. ചാല് ശരിയാക്കാന്‍ വരാത്ത ജലസേചന വകുപ്പ് മണ്ണ് നീക്കത്തിന് കണക്കെടുപ്പിന് മാത്രമാണ് എത്തിയതെന്ന് കൃഷിക്കാര്‍ പറയുന്നു. ജലസേചന വകുപ്പ് വേണ്ടതൊന്നും ചെയ്യാതെ ചാലുകളുടെ കണക്കുമായി വന്നു വീഴ്ച മറയ്കുന്നതായി കൃഷിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. തൂമ്പുടി എവിടെയെന്ന് പറഞ്ഞാല്‍ ഞങ്ങള്‍ സമ്മതിക്കാം. കലക്ടറെ കാണാന്‍ ഇരിക്കുകയായിരുന്നു ഞങ്ങള്‍. ഒന്നാം കൃഷിയില്‍ പന്നിവേലിമൂലയില്‍ വിളവ് കിട്ടി.
വെള്ളം കിട്ടാഞ്ഞതിനാല്‍ രണ്ടാം കൃഷി നടന്നില്ലെന്നും തുമ്പുടി പാടശേഖര സമിതി പ്രതിനിധി തെച്ചിക്കാവ് പന്നിവേലിമൂല പി എന്‍ തോമസ് പറഞ്ഞു. ആറന്‍മുള ചാലും കരിമാരംതോടും മണ്ണ് മാറ്റി ഭാഗികമായി പുനസ്ഥാപിച്ചു.ചാലുകളുടെ അതിര്‍ത്തി നിര്‍ണയിച്ച് വേലിക്കല്ലുകള്‍ സ്ഥാപിക്കാന്‍ കലക്ടറോട് ആവശ്യപ്പട്ടിട്ടുണ്ടെന്ന് വീണ ജോര്‍ജ് എംഎല്‍എ പ്രതികരിച്ചു. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്ന് കലക്ടര്‍ ആര്‍ ഗിരിജ വ്യക്്തമാക്കി. ഹൈക്കോടതിയും സര്‍ക്കാരും നിര്‍ദ്ദേശിച്ചത് പ്രകാരം കരിമാരംതോട് പൂര്‍വസ്ഥിതിയിലാക്കിയിട്ടുണ്ട്. മുഴുവന്‍ സ്ഥലത്തും സര്‍ക്കാര്‍ നയപ്രകാരം കൃഷി എത്തിക്കുകയാണ് ലക്ഷ്യം. അതിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും കലക്ടര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it