ജലസുരക്ഷ ഉറപ്പാക്കുന്നതില്‍ നിന്ന് കേരളം വ്യതിചലിക്കരുത്: മന്ത്രി മാത്യു ടി തോമസ്

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ജലസുരക്ഷാ കാര്യത്തില്‍ കേരള സമൂഹത്തില്‍ മനംമാറ്റമുണ്ടാവാതിരിക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് ജലവിഭവ മന്ത്രി മാത്യു ടി തോമസ്. ഹരിതകേരളം മിഷന്‍ സംഘടിപ്പിച്ച നദീ പുനരുജ്ജീവന ശില്‍പശാല ഉദ്ഘാടനവും നീര്‍ത്തട മാസ്റ്റര്‍പ്ലാന്‍ പ്രകാശനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
2017ല്‍ സംസ്ഥാനം അഭിമുഖീകരിച്ച വലിയ വരള്‍ച്ചയുടെ പശ്ചാത്തലത്തിലാണ് ജലസുരക്ഷയെക്കുറിച്ച് നാം ചിന്തിച്ചുതുടങ്ങിയത്. നദീതീരങ്ങളിലെ കൈയേറിയ ഭൂമി വീണ്ടെടുക്കല്‍ മാത്രമല്ല, ജലവിനിയോഗത്തിനുവേണ്ട ഇടപെടല്‍ സംബന്ധിച്ച കാഴ്ചപ്പാടുകളും നദീപുനരുജ്ജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു. പ്രളയത്തിനുശേഷം നദികളില്‍ ജലം താണുപോയ സ്ഥിതിവിശേഷം ആശങ്കയുണ്ടാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
നദികളിലുണ്ടാവുന്ന എല്ലാതരം കൈയേറ്റങ്ങളും ആപല്‍ക്കരമാണ്. നീര്‍ത്തടാധിഷ്ഠിത പദ്ധതികള്‍ നടപ്പാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളില്‍ കൂടുതല്‍ പദ്ധതികളുണ്ടാവണമെന്നും നദീസംരക്ഷണപ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കരുതെന്നും മന്ത്രി പറഞ്ഞു. നദീപുനരുജ്ജീവനവും പുനരുദ്ധാരണവും നമ്മുടെ നാട്ടില്‍ അസാധ്യമായ കാര്യമല്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. നവകേരളം കര്‍മപദ്ധതി കോ-ഓഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ് മന്ത്രി മാത്യു ടി തോമസില്‍ നിന്നു നീര്‍ത്തട മാസ്റ്റര്‍പ്ലാന്‍ ഏറ്റുവാങ്ങി.



Next Story

RELATED STORIES

Share it