Pathanamthitta local

ജലസമൃദ്ധിക്കു പിന്നിലെ ആശങ്കയില്‍ പെരിയാര്‍ നിവാസികള്‍



കട്ടപ്പന: മഴയ്ക്കു നേരിയ ശമനമായെങ്കിലും വര്‍ഷങ്ങള്‍ക്കു ശേഷം പെരിയാര്‍ വീണ്ടും ജലസമൃദ്ധമായി. ജല വിതാനം ക്രമാതീതമായി ഉയര്‍ന്നാല്‍ പെരിയാര്‍ തീരവാസികള്‍ ആശങ്കയിലാവുമെങ്കിലും നിലവിലെ സ്ഥിതി ഇടുക്കി പദ്ധതിക്കു പ്രയോജനകരമാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പു വന്‍തോതില്‍ കുറവായിരുന്ന സാഹചര്യത്തിലാണ് ഹൈറേഞ്ച് മേഖലയില്‍ ഏതാനും ദിവസം തുടര്‍ച്ചയായി പെയ്ത മഴ ഗുണകരമായത്. ഏതാനും ദിവസം മുമ്പുവരെ പെരിയാറിന്റെ വിവിധ മേഖലകളിലൂടെ കാല്‍നടയായി മറുകരയെത്താവുന്ന സ്ഥിതിയായിരുന്നു.എന്നാല്‍ മൂന്നു ദിവസം തുടര്‍ച്ചയായി മഴ ലഭിച്ചതോടെ ജലം ഇരുകരകളിലും മുട്ടിയാണ് പെരിയാര്‍ ഒഴുകുന്നത്. ജല വൈദ്യുത പദ്ധതിക്ക് ഗുണകരമാവുമ്പോഴും കൂടുതല്‍ മഴ ലഭിച്ചാല്‍ ആശങ്ക വര്‍ധിക്കുന്ന സ്ഥിതിയിലാണ് പെരിയാര്‍ തീരദേശവാസികള്‍. കൂടുതല്‍ വെള്ളം മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്ക് ഒഴുകിയെത്തിയാല്‍ ജലനിരപ്പ് 142 അടിയിലെത്തിച്ച് അണക്കെട്ട് സുരക്ഷിതമാണെന്നു വരുത്താന്‍ തമിഴ്‌നാട് ശ്രമിക്കുമെന്നതാണ് തീരവാസികളുടെ ആശങ്കയ്ക്കു കാരണം.2015ല്‍ തമിഴ്‌നാട് നടത്തിയ ഇത്തരമൊരു നീക്കം സൃഷ്ടിച്ച ഭീതി ഇനിയും തീരവാസികളില്‍ നിന്നു വിട്ടൊഴിഞ്ഞിട്ടില്ല. ജല നിരപ്പ് 142 അടിയാക്കാന്‍ കോടതി ഉത്തരവിട്ടതോടെ 2006ല്‍ ആരംഭിച്ച സമരം ഫലം കാണാതെ ഇന്നും മുന്നോട്ടു പോകുകയാണ്. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു നിര്‍മിക്കണമെന്ന ആവശ്യത്തില്‍നിന്നു പിന്നോട്ടില്ലെന്ന മുന്‍നിലപാടില്‍ മുല്ലപ്പെരിയാര്‍ സമരസമിതി ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്.
Next Story

RELATED STORIES

Share it