Flash News

ജലസംഭരണികളില്‍ അവശേഷിക്കുന്നത് 16 ശതമാനം വെള്ളം ; ശരാശരി വൈദ്യുതി ഉപഭോഗം 70.81 യൂനിറ്റ്



എസ്  ഷാജഹാന്‍

പത്തനംതിട്ട: സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ദിനംപ്രതി വര്‍ധിക്കുന്നു. എന്നാല്‍, സംഭരണികളില്‍ 16 ശതമാനം ജലം മാത്രമാണ് അവശേഷിക്കുന്നത്. ഗ്രൂപ്പ് ഒന്നില്‍പ്പെടുന്ന അണക്കെട്ടുകളിലും ഗ്രൂപ്പ് രണ്ടിലും സംഭരണശേഷിയുടെ 16 ശതമാനം വീതവും ഗ്രൂപ്പ് മൂന്നില്‍ 44 ശതമാനവും ജലമാണുള്ളത്. സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കിയില്‍ 14 ശതമാനവും പമ്പയില്‍ 16 ശതമാനവും കുറ്റിയാടിയില്‍ 26 ശതമാനവും ഇടമലയാറില്‍ 22 ശതമാനവും പൊന്‍മുടിയില്‍ 27 ശതമാനവും നേര്യമംഗലത്ത് 76 ശതമാനവും ജലമുണ്ട്. ഷോലയാര്‍ 10, താരിയോട് 16, പൊറിംഗല്‍ 23, ലോവര്‍ പെരിയാര്‍ 79 ശതമാനം എന്നിങ്ങനെയാണ് സംഭരണശേഷി. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 347.58 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനുള്ള ജലം കുറവാണെന്നാണ് ഇതു സൂചിപ്പിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളില്‍നിന്നുള്ള ശരാശരി വൈദ്യുതോല്‍പാദനം 14.69 ദശലക്ഷം യൂനിറ്റായി ചുരുക്കി. വേനല്‍ കനത്തതോടെ ഇപ്പോഴത്തെ ശരാശരി വൈദ്യുതോപഭോഗം 70.81 ദശലക്ഷം യൂനിറ്റാണ്. ഇതില്‍ 16.07 ദശലക്ഷം യൂനിറ്റ് വൈദ്യുതി സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുകയും 54.75 ദശലക്ഷം യൂനിറ്റ് വൈദ്യുതി സംസ്ഥാനത്തിന് പുറത്തുനിന്നു വാങ്ങുകയുമാണ് ചെയ്യുന്നത്. പീക്ക്‌ലോഡ് സമയങ്ങളില്‍ 3,629 മെഗാവാട്ട് വൈദ്യുതിയാണ് നിലവില്‍ സംസ്ഥാനത്തിനാവശ്യം. ഇതില്‍ 1183 മെഗാവാട്ട് വൈദ്യുതിയാണ് ആഭ്യന്തര ഉല്‍പാദനം. ശനിയാഴ്ച 67.84 ദശലക്ഷം യൂനിറ്റ് വൈദ്യുതിയുടെ ഉപഭോഗമാണ് സംസ്ഥാനത്തുണ്ടായത്. വരുംദിവസങ്ങളില്‍ ഉപഭോഗം വര്‍ധിക്കുമെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ റെക്കോഡ് വൈദ്യുതോപഭോഗം 2016 ഏപ്രില്‍ 29ന് രേഖപ്പെടുത്തിയ 80.44 ദശലക്ഷം യൂനിറ്റാണ്.
Next Story

RELATED STORIES

Share it