kannur local

ജലവിതാനം ഉയര്‍ന്ന കിണറുകളിലെ വെള്ളം പരിശോധനയ്ക്കയച്ചു

പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമി മാലിന്യ പ്ലാന്റിനു സമീപത്തെ അഞ്ചോളം വീടുകളിലെ കിണറുകളില്‍ ഈ വേനലിലും വെള്ളം കയറാന്‍ തുടങ്ങിയതോടെ ജനം ആശങ്കയില്‍. മാലിന്യ പ്ലാന്റില്‍ നിന്ന് ഒഴുകിയെത്തുന്ന മലിനജലമാണ് കിണറുകളില്‍ നിറയുന്നതെന്ന പരാതി വീണ്ടും ഉയര്‍ന്നതോടെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തി കിണര്‍ വെള്ളം ശേഖരിച്ച് പരിശോധനയ്ക്കയച്ചു.
ഇന്നലെ രാവിലെയാണ് രാമന്തളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വെള്ളത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്കായി ശേഖരിച്ചത്. മൂന്ന് കിണറുകളിലെ വെള്ളം പരിശോധനയ്ക്കയച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം രാമന്തളി പ്രദേശത്തെ കിണറുകളില്‍ ജലവിതാനം ഉയര്‍ന്നത് ശ്രദ്ധയില്‍പെട്ടപ്പോള്‍ ആരോഗ്യ വകുപ്പ് വെള്ളം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധനയില്‍ കിണറുകളിലെ വെള്ളത്തില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത വിധം കോളിഫോം ബാക്റ്റീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. 100 മില്ലി വെള്ളത്തില്‍ പത്തില്‍ താഴെ മാത്രമേ കോളിഫോം ബാക്ടീരിയ പാടുള്ളു എന്നിരിക്കെ ആയിരത്തിലേറെ ബാക്റ്റീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഈ പരിശോധന ഫലത്തെ തുടര്‍ന്നാണ് നാട്ടുകാര്‍ ജന ആരോഗ്യ സംരക്ഷണ സമിതി എന്ന പേരില്‍ സമര സമിതി രൂപീകരിച്ച് സമര പരിപാടികള്‍ ആരംഭിച്ചത്.കഴിഞ്ഞ വര്‍ഷം ആരോഗ്യ വകുപ്പിനു പുറമെ വിദഗ്ധ സമിതിയുടേതടക്കം മൂന്നോളം ഏജന്‍സികള്‍ രാമന്തളിയിലെ കിണറുകളിലെ വെള്ളം ശേഖരിച്ച് പരിശോധന നടത്തിയിരുന്നു.
എല്ലാ പരിശോധന ഫലങ്ങളിലും കക്കൂസ് മാലിന്യമായ കോളിഫോം ബാക്റ്റീരിയയുടെ അളവ് വലിയ തോതില്‍ കണ്ടെത്തിയിരുന്നു. ഇപ്പോഴും കിണറുകളില്‍ ഉറവയായി വെള്ളം മാലിന്യ പ്ലാന്റിലേതു തന്നെ എന്ന വിശ്വാസത്തിലാണ് നാട്ടുകാര്‍. ജല പരിശോധനയ്ക്കു ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജനാര്‍ദ്ദനന്‍, ജന ആരോഗ്യ സംരക്ഷണ സമിതി ചെയര്‍മാന്‍ ആര്‍ കുഞ്ഞിക്കൃഷ്ണന്‍, കണ്‍വീനറും പഞ്ചായത്തംഗവുമായ കെ പി രാജേന്ദ്രന്‍ ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it