Idukki local

ജലവിതരണ പദ്ധതിയിലെ അഴിമതി അന്വേഷിക്കണമെന്ന്

നെടുങ്കണ്ടം: ജലനിധി മഞ്ഞപ്പെട്ടി പോളിടെക്‌നിക് ശുദ്ധജല വിതരണ പദ്ധതിയുടെ നിര്‍മാണത്തിലെ അഴിമിയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും പണികള്‍ പൂര്‍ത്തിയാക്കി പദ്ധതി ഉടന്‍ കമ്മീഷന്‍ ചെയ്യണമെന്നുമുള്ള ആവശ്യമായി ഗുണഭോക്തൃ സംരക്ഷണ സമിതി രംഗത്ത്. ജലനിധി കമ്മിറ്റി ഭാരവാഹികളായ പഞ്ചായത്തംഗവും, ജലനിധി സമിതി പ്രസിഡന്റും  ചേര്‍ന്ന്് ഗുണഭോക്താക്കളില്‍ നിന്ന് 4600 മുതല്‍ 5000 രൂപ വരെ പിരിച്ചെടുത്തതായും, പദ്ധതി പൂര്‍ത്തിയാക്കാത്തതിനേക്കുറിച്ച് അന്വേഷിക്കുന്ന ഉപഭോക്താക്കളെ പഞ്ചായത്തംഗവും ഭാരവാഹികളും ഭീക്ഷണിപ്പെടുത്തുന്നതായും സംരക്ഷണ സമിതി ആരോപിച്ചു.
നെടുങ്കണ്ടം പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായിട്ടാണ് മഞ്ഞപ്പെട്ടി, എട്ടുമുക്ക്, ഒറ്റക്കട, പതിനാലേക്കര്‍ എന്നിവിടങ്ങളിലെ 126 കുടുംബങ്ങളെ ഉള്‍പ്പെടുത്തി ജലനിധി മൂന്നുവര്‍ഷം മുമ്പ് പദ്ധതിക്ക് രൂപം നല്‍കിയത്. 80 ലക്ഷം രൂപയാണ് ആകെ പദ്ധതി അടങ്കല്‍ തുക. എന്നാല്‍ പണികള്‍ ആരംഭിച്ച് മൂന്നു വര്‍ഷത്തോളമായിട്ടും ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ല. പണി പൂര്‍ത്തിയായാല്‍ തന്നെ എല്ലാ ഉപഭോക്താക്കള്‍ക്കും നല്‍കുന്നതിനുള്ള വെള്ളം ലഭിക്കാത്ത സ്ഥലത്താണ് കുളം നിര്‍മിച്ചിട്ടുള്ളത്.
തുരുമ്പെടുക്കാത്ത ജി ഐ പൈപ്പുകള്‍ക്കു പകരം നിലവാരം കുറഞ്ഞ പിവിസി പൈപ്പാണ് സ്ഥാപിച്ചിട്ടുള്ളത്. ആറു കിലോമീറ്ററോളം ദൂരത്തില്‍ 20 എച്ച്പി മോട്ടോര്‍ പമ്പുസെറ്റ് ഉപയോഗിച്ച് വെള്ളം പമ്പുചെയ്യുമ്പോള്‍ ഗുണനിലവാരം ഇല്ലാത്ത പൈപ്പുകള്‍ പൊട്ടി തകര്‍ന്നുപോവാന്‍ സാധ്യത ഏറെയാണെന്നും സംരക്ഷണ സമിതിയംഗങ്ങള്‍ പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ അഴിമതി വ്യക്തമാണ്. ജലനിധി സമിതിയുടെ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കാതെ, യോഗം ചേര്‍ന്നതായി കൃത്രിമ രേഖയുണ്ടാക്കി ഉപഭോക്താക്കളെക്കൊണ്ട് ഒപ്പിടുവിക്കാനുള്ള നീക്കത്തെ നാട്ടുകാരില്‍ ചിലര്‍ എതിര്‍ത്തിരുന്നു. കഴിഞ്ഞ ദിവസം പൊതുയോഗം വിളിച്ചുചേര്‍ത്തെങ്കിലും പഞ്ചായത്തംഗം യോഗത്തിനെത്താത്തതും ഭാരവാഹികള്‍ കൃത്യമായ റിപോര്‍ട്ടും കണക്കും വയ്ക്കാന്‍ കൂട്ടാക്കാത്തതിനാലും യോഗം അലസിപ്പിരിഞ്ഞിരുന്നു.
എന്നാല്‍ ആരോപണങ്ങളെക്കുറിച്ച് ജലനിധി സമിതി ഭാരവാഹികള്‍ പ്രതികരിച്ചില്ല. പദ്ധതി പൂര്‍ത്തിയാക്കി കുടിവെള്ള വിതരണം ആരംഭിക്കാനുള്ള നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ സമരവുമായി രംഗത്തുവരുമെന്നും സമിതി ഭാരവാഹികളായ കുര്യന്‍ ദേവസ്യ, ഷാജി മുളയപ്പറമ്പില്‍, രതീഷ് കല്ലുമഠം,അനീഷ്, സെബാസ്റ്റ്യന്‍, പവന്‍രാജ് എന്നിവര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it